സി.ഐ. ടി.യു സമരം അക്രമാസക്തം, മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്, തലയ്ക്ക് പരുക്ക്
കൊച്ചി: മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്. ഇന്ന് രാവിലെയായിരുന്നു സംഭവം. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ജോർജ് അലക്സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി ഐജി ഓഫീസിന് മുന്നിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നു. ജോർജ് അലക്സാണ്ടറിനെ
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞന്ന് മുത്തൂറ്റ് പിആർഒ അറിയിച്ചു.
രാവിലെ ഓഫീസില്‍ എത്തുമ്പോള്‍ സമരക്കാരില്‍ ചിലര്‍ ചേര്‍ന്ന് ചുറ്റും നിന്ന് ആക്രമിക്കുകയായിരുന്നു. പിരിച്ചുവിട്ട തൊഴിലാളികളും മാനേജുമെന്റും തമ്മിലുള്ള തര്‍ക്കം ഏതാനും നാളായി തുടര്‍ന്നു വരികയാണ്.
രാവിലെ ഓഫീസില്‍ കയറാന്‍ എത്തിയപ്പോള്‍ ഓഫീസിന് മുന്നില്‍ വാഹനം തിരിക്കുന്നതിനിടയില്‍ രണ്ടുപേര്‍ ഓടിവന്ന് കല്ലെറിയുകയായിരുന്നു. കാറിന്റെ മുന്‍സീറ്റിലായിരുന്നു ജോര്‍ജ്ജ് അലക്സാണ്ടര്‍. ഒരാള്‍ എറിഞ്ഞ കല്ല് മുന്‍ഭാഗത്തെ ചില്ല് തകര്‍ത്ത് തലയില്‍ വന്നു കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാറിന്റെ പിന്നിലെയും വശങ്ങളിലെയും ഗ്ളാസ്സുകള്‍ കല്ലേറില്‍ തകര്‍ന്നിരുന്നു. പിന്‍ സീറ്റില്‍ ജോര്‍ജ്ജ് അലക്സാണ്ടറുടെ മകനും ഇരുന്നിരുന്നു.
ഗേറ്റിന് പുറത്ത് സമരവുമായി 50 ലധികം പേര്‍ സംഘടിച്ചിരുന്നു. ഇവരിലെ രണ്ടുപേരാണ് കല്ലെറിഞ്ഞത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഏതാനും ദിവസമായി മുത്തൂറ്റ് ഓഫീസിന് മുന്നില്‍ സമരം നടന്നുവരികയാണ്. ഇന്നലെ ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത് കയ്യാങ്കളിക്ക് ഇടയാക്കിയിരുന്നു. ബലപ്രയോഗം നടത്തിയായിരുന്നു ഇന്നലെ ജീവനക്കാര്‍ ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചത്. ജോലിക്ക് കയറാന്‍ എത്തിയവരെ തടഞ്ഞതിനെ തുടര്‍ന്ന് മാനേജ്മെന്റ് പോലീസിന്റെ സഹായം ഇന്നലെ തേടിയിരുന്നു.