പ്രേമ നൈരാശ്യം; കൊച്ചിയില്‍ 17കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
കൊച്ചി: പ്രേമ നൈരാശ്യത്തെ തുടര്‍ന്ന് കൊച്ചിയില്‍ പതിനേഴുകാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. അത്താണി നെടുംകുളങ്ങരമല നൂര്‍ജഹാനാണ് (17) കുത്തേറ്റത്. ദേഹമാസകലം കുത്തേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വാഴക്കാല പടമുകള്‍ സ്വദേശി അമലിനെ(20) പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി കാക്കനാട് കുസുമഗിരി ആശുപത്രിക്ക് സമീപത്തെ ഇടറോഡില്‍ തിങ്കളാഴ്ച വൈകീട്ട് 4.30-ഓടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു.
എറണാകുളം കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി വൈകീട്ട് ആറു മണി മുതല്‍ എട്ടു മണി വരെ കുസുമഗിരി ആശുപത്രിക്ക് സമീപത്തെ ഡേ കെയറിലെ ആയയെ സഹായിക്കാന്‍ പോകുന്നുണ്ട്. ഇത് മനസ്സിലാക്കിയ യുവാവ് ഡേ കെയറിനു മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി സംസാരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ നിലത്ത് തള്ളിയിട്ട ശേഷം ദേഹത്തിരുന്ന് ദേഹമാസകലം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആയയും സമീപവാസികളും വന്നതോടെ ഇയാള്‍ ബൈക്കില്‍ ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.
പെണ്‍കുട്ടിയെ ഉടനെ കാക്കനാട് കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. വയറ്, നെഞ്ച്, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ് കുത്തേറ്റിട്ടുള്ളത്. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ പെണ്‍കുട്ടിയുടെ നാഡിമിടിപ്പ് കുറവായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നെഞ്ചിലെ കുത്ത് ആഴമേറിയതിനാല്‍ ആന്തരികാവയവത്തിന് പരിക്കേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
രക്തം ഒരുപാട് നഷ്ടമായിട്ടുണ്ടെന്നും ഒ നെഗറ്റീവ് ഗ്രൂപ്പ് അധികമില്ലാത്തതിനാല്‍ കിട്ടാന്‍ തീവ്രശ്രമം നടത്തുകയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്ബതിന് രാത്രി 12.15-ഓടെ കാക്കനാട് വീട്ടില്‍ക്കയറി പ്ലസ്ടു വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് ഒരു യുവാവ് തീവെച്ച് കൊലപ്പെടുത്തിയിരുന്നു. പൊള്ളലേറ്റ യുവാവും മരിച്ചിരുന്നു. പ്രേമാഭ്യര്‍ത്ഥന നിരസിച്ചതായിരുന്നു കൊലയ്ക്ക് കാരണം.