കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും; പകരം കേരള കോണ്‍ഗ്രസിന് പുനലൂര്‍ നല്‍കാന്‍ ധാരണ
കോട്ടയം: കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നു ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. പകരം പുനലൂര്‍ സീറ്റുനല്‍കി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനാണു നീക്കമെന്നാണു സൂചന. കേരള കോണ്‍ഗ്രസ് മുമ്പ് മല്‍സരിച്ചിരുന്ന സീറ്റാണ് പുനലൂര്‍. കേരളകോണ്‍ഗ്രസ് വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാരംഭിച്ചത്. തോമസ് ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതോടെയാണ് കോണ്‍ഗ്രസും യുഡിഎഫും ഐക്യശ്രമം വീണ്ടും ശക്തമാക്കിയത്.
എന്നാല്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരള കോണ്‍ഗ്രസിലെ ഇരുപക്ഷവും. കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് -എമ്മിന്റെ സ്ഥാനാര്‍ഥിയായിരിക്കും മത്സരിക്കുകയെന്നു ജോസ് കെ. മാണി എംപി വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കുമെന്നാണു പി.ജെ.ജോസഫ് എംഎല്‍എയുടെ നിലപാട്.