KeralaNews

മഞ്ഞത്തും മഴയത്തും വിമാനമിറങ്ങും, നെടുമ്പാശേരി റൺവെയ്ക്ക് പുതിയ വെളിച്ചവിതാനം 36 കോടി രൂപയുടെ ലൈറ്റിങ് സംവിധാനത്തിന് സ്വിച്ച് ഓൺ

കൊച്ചി:അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക റൺവെ ലൈറ്റിങ് സംവിധാനം പ്രവർത്തിച്ചുതുടങ്ങി. 36 കോടി രൂപ മുടക്കി നവീകരിച്ച കാറ്റഗറി-3 റൺവെ ലൈറ്റിങ് സംവിധാനത്തിന് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യിക്കാൻ കാറ്റഗറി-3 ലൈറ്റിങ് സഹായിക്കും.

എയ്‌റോനോട്ടിക്കൽ ഗ്രൗണ്ട് ലൈറ്റിങ് (AGL) എന്ന റൺവെയിലെ വെളിച്ചവിതാനത്തിന്റെ ഏറ്റവും ഉയർന്ന വിഭാഗമാണ് കാറ്റഗറി-3. ദക്ഷിണേന്ത്യയിൽ ബാംഗ്ലൂർ വിമാനത്താവള റൺവെയ്ക്ക് മാത്രമാണ് ഇതുവരെ ഈ സംവിധാനമുണ്ടായിരുന്നത്. 124 കോടിയോളം രൂപമുടക്കി നടത്തിയ റൺവെ പുനരുദ്ധാരണ പദ്ധതിയ്‌ക്കൊപ്പമാണ് 36 കോടി രൂപയുടെ ലൈറ്റിങ് നവീകരണം നിർവഹിച്ചത്.

റൺവെ, ടാക്‌സി വേ, ടാക്‌സി ലിങ്കുകൾ, പാർക്കിങ് ബേ എന്നിവമുഴവനും ഏറ്റവും ആധുനികമായ ലൈറ്റിങ് സംവിധാനം ഘടിപ്പിച്ചതോടെ ശക്തമായ മഴവന്നാലും പുകമഞ്ഞുള്ളപ്പോഴും പൈലറ്റിന് റൺവേയും അനുബന്ധ പാതകളും വ്യക്തമായി കാണാൻ കഴിയും. മഴക്കാലത്തും പുകമഞ്ഞ് ഉള്ളപ്പോഴും വിമാനം, വിമാനത്താവളത്തെ സമീപിക്കുന്ന സമയം മുതൽ ലാൻഡിങ്, പാർക്കിങ് സമയം വരെ പൈലറ്റിന് ഏറ്റവും സുരക്ഷിതമായി നിയന്ത്രിക്കാൻ കാറ്റഗറി മൂന്ന് ലൈറ്റിങ് സംവിധാനം സഹായിക്കും.

റൺവെയുടെ മധ്യരേഖയിൽ 30 മീറ്റർ ഇടവിട്ടുള്ള ലൈറ്റിങ് 15 മീറ്റർ ഇടവിട്ടാക്കിയിട്ടുണ്ട് . റൺവെയുടെ അരികുകൾ, വിമാനം ലാൻഡ് ചെയ്യുന്ന ഭാഗത്തെ 900 മീറ്റർ ദൂരം, റൺവെ അവസാനിക്കുന്ന ഭാഗം, ടാക്‌സിവേ, അഞ്ച് ടാക്‌സിവേ ലിങ്കുകൾ എന്നിവയുടെ ലൈറ്റിങ് സംവിധാനം ആധുനികമാക്കി. കൂടാതെ ഏപ്രണിലെ മുഴുവൻ മേഖലയിലും മാർഗനിർദേശ ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി മൊത്തം മൂന്ന് ലക്ഷം മീറ്ററോളം കേബിൾ ഇടേണ്ടിവന്നു. നിലവിലുള്ള ലൈറ്റുകൾക്ക് പുറമേ രണ്ടായിരത്തോളം ലൈറ്റുകൾ സ്ഥാപിച്ചു. ലൈറ്റിങ് സംവിധാനം തകരാറാലായാൽ ഉടൻതന്നെ സമാന്തര സംവിധാനം പ്രവർത്തിച്ചുതുടങ്ങും. പൂർണമായും കമ്പ്യൂട്ടർ നിയന്ത്രിതമാണ് സിയാൽ സ്ഥാപിച്ച കാറ്റഗറി- 3 ലൈറ്റിങ്.

2019 നവമ്പറിലാണ് സിയാലിന്റെ റൺവെ നവീകരണ ജോലികൾ തുടങ്ങിയത്. 2020 ഏപ്രിലിൽ അത് പൂർത്തിയായി. 1999-ൽ വിമാനത്താവളം പ്രവർത്തനം തുടങ്ങിയശേഷം രണ്ടാംവട്ടം നിയമാനുസരണമുള്ള റൺവെ നവീകരണം നടന്നുവെങ്കിലും ലൈറ്റിങ് സംവിധാനം ആദ്യകാലത്തെ കാറ്റഗറി വൺ തന്നെ തുടരുകയായിരുന്നു. കേരളത്തിന്റെ സാധാരണ കാലാവസ്ഥയിൽ ഈ വിഭാഗത്തിൽപ്പെട്ട ലൈറ്റിങ് ആണ് അനുശാസിക്കുന്നതെങ്കിലും മഴയും പുകമഞ്ഞും നിരന്തരമായി ഉണ്ടാകുന്നതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പരമാവധി സുരക്ഷിതമാക്കാൻ ഏറ്റവും ആധുനിക ലൈറ്റിങ് സംവിധാനത്തിലേയ്ക്ക് സിയാൽ മാറുകയായിരുന്നു.

എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം.ഷബീർ, ജനറൽ മാനേജർ ടോണി പി.ജെ, സീനിയർ മാനേജർ സ്‌കറി ഡി പാറയ്ക്ക തുടങ്ങിയവർ സ്വിച്ച് ഓൺ കർമത്തിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker