KeralaNews

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; പദ്ധതി വന്‍ വിജയം, ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് ,എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം? വിശദാംശങ്ങൾ ഇവിടെ

തിരുവനന്തപുരം: കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രവര്‍ത്തനസജ്ജമായി രണ്ടാഴ്ച കൊണ്ടാണ് ഇ സഞ്ജീവനിയില്‍ കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഇതുവരെ 2831 കണ്‍സള്‍ട്ടേഷനുകളാണ് നടത്തിയത്.

സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പി.യും ഇപ്പോള്‍ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 വരെയാണ് ജനറല്‍ ഒ.പി.യുടെ പ്രവര്‍ത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണിമുതല്‍ 4 മണിവരെയാണ് ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള എന്‍.സി.ഡി. ഒപി. സാധാരണ രോഗങ്ങള്‍ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളാല്‍ ക്ലേശതയനുഭവിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ളവര്‍ക്കും പകര്‍ച്ചവ്യാധി കാലത്ത് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഓണ്‍െൈലന്‍ ചികിത്സാ പ്ലാറ്റ്‌ഫോമാണിത്.

ഈ കോവിഡ് കാലത്ത് ആശുപത്രികളില്‍ പോയ് തിരക്ക് കൂട്ടാതെ വീട്ടില്‍ വച്ച് തന്നെ വളരെ ലളിതമായ ഈ സേവനം ഉപയോഗിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉള്ളയാര്‍ക്കും വളരെ ലളിതമായി ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. വീട്ടിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങള്‍ക്കും സ്ഥാപന മേധാവിയുടെ നമ്പര്‍ ഉപയോഗിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ചികിത്സ തേടാവുന്നതാണ്.

1. ആദ്യമായി https://esanjeevaniopd.in/kerala എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2. സൈറ്റിന്റെ മുകള്‍വശത്തായി കാണുന്ന പേഷ്യന്റ് രജിസ്‌ട്രേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
3. പേഷ്യന്റ് രജിസ്‌ട്രേഷന്‍ കോളത്തിനകത്ത് മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം സെന്റ് ഒടിപി ക്ലിക്ക് ചെയ്യുക
4. മൊബൈലില്‍ വരുന്ന ഒടിപി ടൈപ്പ് ചെയ്യുക
5. ഇനി വരുന്ന പേഷ്യന്റ് രജിസ്‌ട്രേഷന്‍ കോളത്തില്‍ പേരും വയസും മറ്റ് വിവരങ്ങളും നല്‍കിയ ശേഷം ജനറേറ്റ് പേഷ്യന്റ് ഐഡി, ടോക്കണ്‍ നമ്പര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
6. ഇത് കഴിഞ്ഞ് ലോഗിന്‍ ആകാന്‍ സമയമാകുമ്പോള്‍ മൊബൈലില്‍ മെസേജ് വരും. അപ്പോള്‍ മാത്രമേ ലോഗിന്‍ ചെയ്യാന്‍ കഴിയൂ
7. മൊബൈലില്‍ വരുന്ന പേഷ്യന്റ് ഐഡി, ടോക്കണ്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്യുമ്പോള്‍ ക്യൂവിലാകും
8. ഉടന്‍ തന്നെ ഡോക്ടര്‍ വീഡിയോ കോള്‍ വഴി വിളിക്കും
9. കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞ ശേഷം മരുന്നിന്റെ കുറുപ്പടി അവിടെ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഡോക്ടര്‍മാരാണ് ഇ-സഞ്ജീവനി വഴി ഓണ്‍ലൈന്‍ സേവനം നല്‍കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ആര്‍സിസി തിരുവനന്തപുരം, ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തിരുവനന്തപുരം തുടങ്ങിയ ആതുരശുശ്രൂഷ രംഗത്തെ മികവുറ്റ സ്ഥാപനങ്ങള്‍ ടെലി മെഡിസിനായി കൈകോര്‍ക്കുകയാണ്. ദിവസവും 30 ഓളം ഡോക്ടര്‍മാരാണ് വിവിധ ഷിഫ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്നത്.

കൂടുതല്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ടെലി മെഡിസിന്‍ സേവനങ്ങള്‍ ഉപയോഗിച്ചുവരിയകായണ്. ജയിലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇ സഞ്ജീവനി സേവനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. കോവിഡ് ചികിത്സിച്ച് ഭേദമാക്കിയ ഒരു റിമാന്റ് പ്രതിക്ക് തുടര്‍ ചികിത്സക്കായി പാലക്കാട് ജില്ലാജയില്‍ ഇ സഞ്ജീവനി സംവിധാനം ഉപയോഗപ്പെടുത്തി. പാലിയേറ്റീവ് ഹെല്‍ത്ത് വോളണ്ടിയര്‍മാര്‍ ഗൃഹ സന്ദര്‍ശനം നടത്തുമ്പോള്‍ ഇതിന്റെ സേവനം വീട്ടുകാരെ മനസിലാക്കിക്കൊടുക്കാനും ഡോക്ടറുടെ സേവനം ലഭ്യമാക്കിക്കൊടുക്കാനും സാധിക്കും.

തികച്ചും സര്‍ക്കാര്‍ സംരഭമായ ഇ സഞ്ജീവനിയില്‍ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. ഈ പദ്ധതി പ്രകാരം ഡോക്ടറെ കാണാന്‍ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ദിശ 1056 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker