KeralaNews

ബഫര്‍സോണ്‍:ജനജീവിതത്തിന് നിയന്ത്രണമുണ്ടാവില്ല,ലക്ഷ്യമിട്ടത് ഖനനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ തടയലെന്ന് സുപ്രീംകോടതി,ഉത്തരവ് ഭേദഗതിയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും സമീപത്തെ ബഫര്‍സോണില്‍ ഖനനംപോലുള്ള പ്രവര്‍ത്തനങ്ങളുടെ നിരോധനമാണ് ലക്ഷ്യമിട്ടതെന്ന് സുപ്രീംകോടതി. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിര്‍മാണങ്ങള്‍ക്ക് ഉള്‍പ്പെടെ സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബഫര്‍സോണില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന സൂചനയും സുപ്രീംകോടതി ബുധനാഴ്ച നല്‍കി.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ 2022 ജൂണ്‍ മൂന്നിലെ ഉത്തരവ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതാണെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വറും, കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയും കോടതിയില്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള സമ്പൂര്‍ണ നിയന്ത്രണമായിരുന്നില്ല തങ്ങളുടെ ലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ബഫര്‍സോണ്‍ നിശ്ചയിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ പഠനം നടന്നിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

തദ്ദേശവാസികളുടെ പങ്കാളിത്തത്തിലൂടെ മാത്രമേ വനസംരക്ഷണം നടക്കുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയത് ഓസ്‌കര്‍ അവാര്‍ഡ് നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്‌സി’ന്റെ കഥയും.

കടുവാസങ്കേതം കൂടിയായ തമിഴ്നാട് മുതുമല ദേശീയോദ്യാനത്തിനകത്തുള്ള തെപ്പക്കാട് ആന പുനരധിവാസ കേന്ദ്രത്തില്‍ മൃതപ്രായനായ രഘുവെന്ന കുട്ടിയാനയുടെ സംരക്ഷണച്ചുമതലയേറ്റ ബൊമ്മനെയും ബെല്ലിയെയും പോലുള്ളവരാണ് വനസംരക്ഷണത്തിന്റെ മികച്ച ഉദാഹരണങ്ങളെന്ന് ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ബൊമ്മനെയും ബെല്ലിയെയും പോലുള്ളവരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നും ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. ഈ അഭിപ്രായത്തോട് കോടതിയും യോജിച്ചു.

കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമേ, സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്കുകൂടി ഇളവനുവദിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.

കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍സോണ്‍ വിധി നടപ്പാക്കുന്നതില്‍നിന്ന് ഇളവനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാകും കേരളത്തിന്റെ വാദം. കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് കേരളത്തിനുവേണ്ടി ഹാജരാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker