40ാം വയസില്‍ മൂന്നാമതും അമ്മയാകാനൊരുങ്ങി ബ്രിട്ട്‌നി സ്പിയേഴ്‌സ്
പ്രശസ്ത പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ് തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. നീണ്ട ഒരു ഇന്‍സ്റ്റാഗ്രാം സന്ദേശത്തിലൂടെയാണ് ഗായിക ഈ വിവരം ആരാധകരെ അറിയിച്ചത്. കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹത്തില്‍ ബ്രിട്ട്‌നിക്ക് രണ്ട് കുട്ടികളുണ്ട്. 16 വയസ്സുള്ള സീന്‍ പ്രെസ്റ്റണും 15 വയസ്സുള്ള ജെയ്ഡന്‍ ജെയിംസും.
ഇപ്പോള്‍ കൂടെയുള്ള ആണ്‍ സുഹൃത്ത് സാം അസ്ഘാരിയില്‍ നിന്നുള്ള ആദ്യ കുട്ടിയാണിത്. സാം അസ്ഘാരിയും ഈ സന്തോഷം പങ്കുവച്ചിട്ടുണ്ട്. വിവാഹം, കുട്ടികള്‍ എന്നതെല്ലാം ശക്തമായ പ്രണയബന്ധത്തിന്റെ ഭാഗമാണെന്നായിരുന്നു സാം എഴുതിയത്. ഒരു പിതാവാകണമെന്ന് ദീര്‍ഘനാളായി ആഗ്രഹിക്കുകയായിരുന്നു എന്നും, ആ നിലയിലുള്ള തന്റെ കടമ താന്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുമെന്നും സാം കുറിച്ചിട്ടുണ്ട്.
നീണ്ട പതിമൂന്ന് വര്‍ഷക്കാലം പിതാവിന്റെ കണ്‍സര്‍വേറ്റര്‍ഷിപ്പില്‍ ജീവിച്ചിരുന്ന ഇവര്‍ക്ക് ഗര്‍ഭം ധരിക്കാനുള്ള അവകാശം കണ്‍സര്‍വേറ്റര്‍ഷിപ് കരാര്‍ പ്രകാരം ഉണ്ടായിരുന്നില്ല എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു കണ്‍സര്‍വേറ്റര്‍ഷിപ്പ് റദ്ദാക്കിയത്. തന്റെ മേല്‍ ഏറെ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്ന കണ്‍സര്‍വേറ്റര്‍ഷിപ്പ് റദ്ദാക്കണമെന്ന് ബ്രിട്ട്‌നി തന്നെയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഗര്‍ഭിണിയാണ് എന്നതിനൊപ്പം താന്‍ കടന്നു വന്ന പെരിനാറ്റല്‍ ഡിപ്രഷനെക്കുറിച്ചും പോപ്പ് ഗായിക സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
”ഇത് ബുദ്ധിമുട്ടാണ്, കാരണം ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എനിക്ക് പെരിനാറ്റല്‍ ഡിപ്രെഷന്‍ ഉണ്ടായിരുന്നു … അത് തികച്ചും ഭയാനകമാണെന്ന് ഞാന്‍ പറയണം … സ്ത്രീകള്‍ അതിനെക്കുറിച്ച് സംസാരിക്കില്ല … ഒരു സ്ത്രീ അവളുടെ ഉള്ളില്‍ ഒരു കുഞ്ഞുമായി അങ്ങനെ പരാതിപ്പെട്ടാല്‍ അത് അപകടകരമാണെന്ന് ചിലര്‍ കരുതി. … എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ ദിവസവും അതിനെക്കുറിച്ച് സംസാരിക്കുന്നു … യേശുവിന് നന്ദി, ആ വേദന ഞങ്ങള്‍ ഒരു രഹസ്യമായി സൂക്ഷിക്കേണ്ടതില്ല … ഇത്തവണ ഞാന്‍ എല്ലാ ദിവസവും യോഗ ചെയ്യും ! ഒരുപാട് സന്തോഷവും സ്‌നേഹവും പകരുന്നു.” എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.
2007ല്‍ കെവിന്‍ ഫെഡെര്‍ലിനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ കുട്ടികളുടെ അവകാശത്തിനായി നിയമപോരാട്ടത്തിനിറങ്ങിയ ബ്രിട്ട്‌നി തന്റെ തല മുണ്ഡനം ചെയ്യുകയും ഇവരുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ചില പാപ്പരാസികളുടെ കാര്‍ ആക്രമിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു, സ്വന്തമയി തീരുമാനമെടുക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ് ബ്രിട്ട്‌നി എന്ന അവകാശവാദമുയര്‍ത്തി പിതാവ് ജാമി സ്പിയേഴ്‌സ് കണ്‍സര്‍വേറ്റര്‍ഷിപ്പ് നേടിയെടുത്തത്.
എന്നാല്‍, കണ്‍സര്‍വേറ്റര്‍ഷിപ്പ് എന്നത് തന്റെ ജീവിതംകൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുന്നു എന്നായിരുന്നു ബ്രിട്ട്‌നി കോടതിയില്‍ വാദിച്ചത്. തന്റെ പിതാവിനേയും കണ്‍സര്‍വേറ്റര്‍ഷിപ്പില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും ജയിലിലടക്കണം എന്നുവരെ അവര്‍ പറഞ്ഞു. 28 കാരനായ തന്റെ കാമുകന്‍ സാമില്‍ നിന്നും ഗര്‍ഭം ധരിക്കാന്‍ പോലും അനുവദിക്കുന്നില്ല എന്ന് 40 കാരിയായ ഇവര്‍ പരാതിപ്പെട്ടിരുന്നു. അതുപോലെ വിവാഹത്തിനും സമ്മതിച്ചിരുന്നില്ല.