‘തോറ്റപ്പോഴാണോ പിണറായിയെ കുറ്റം പറയുന്നത്? അന്ന് നേട്ടമുണ്ടായിരുന്നല്ലോ’ തുറന്നടിച്ച് മല്ലിക സുകുമാരൻ, വി.ഡി സതീശനോട് ഒരു അപേക്ഷ!

തിരുവനന്തപുരം: രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ തുറന്നുപറയാൻ മടി കാണിക്കാത്ത നടിയാണ് മല്ലിക സുകുമാരൻ. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ സി.പി.എമ്മിനുള്ളിൽ നിന്നും ഉയരുന്ന വിമർശനങ്ങളിൽ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തെറ്റുകൾ ഉണ്ടെങ്കിൽ അത് അധികാരം ഉള്ളപ്പോൾ തന്നെ ചൂണ്ടിക്കാണിക്കണമായിരുന്നെന്നും, തോറ്റപ്പോൾ കുറ്റം പറയുന്നത് ശരിയായ രീതിയല്ലെന്നും മല്ലിക സുകുമാരൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

‘ഭരണം പോയപ്പോൾ ഇന്നലെയില്ലാത്ത കുറ്റം’

പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മുൻ മുഖ്യമന്ത്രിക്കെതിരെ തടസ്സങ്ങൾ വരുന്നതിനെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞത് ഇങ്ങനെയാണ്:

എത്ര വലിയ ആളാണെങ്കിലും, മുഖ്യമന്ത്രി ആണെങ്കിൽ പോലും അവരെ എങ്ങനെയാണ് അനാവശ്യമായി കുറ്റം പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും മല്ലിക കൂട്ടിച്ചേർത്തു. പുതിയൊരു മന്ത്രിസഭ വരുമ്പോൾ അവർ മുൻപ് പ്രതിപക്ഷത്തിരുന്നവരെ കുറ്റം പറയുമെന്നും അത് രാഷ്ട്രീയത്തിലെ ഒരു നാടകം മാത്രമാണെന്നും താരം ഓർമ്മിപ്പിച്ചു. അഞ്ച് കൊല്ലം മുൻപ് നടന്ന തെറ്റ് പാർട്ടിയോടുള്ള സ്നേഹം കൊണ്ട് മിണ്ടാതിരുന്നു എന്ന് പറയുന്നതിൽ കാര്യമില്ലെന്നും, നേതാക്കളെ ഇന്ന് ആക്രമിക്കുന്നുണ്ടെങ്കിൽ അത് സ്വന്തം താല്പര്യങ്ങൾ നടക്കാതെ പോയതുകൊണ്ടാണെന്നും അവർ ചൂണ്ടിക്കാട്ടി.

‘തറവാട് പെരുന്നയിലാണ്, മൂത്ത കോൺഗ്രസ് പാരമ്പര്യം’

താൻ ഒരു പാർട്ടിയുടെയും കൊടി പിടിക്കാനോ റോഡിൽ ഇറങ്ങി ഡാൻസ് കളിക്കാനോ പോയിട്ടില്ലെന്നും എന്നാൽ ന്യായമായ കാര്യങ്ങൾക്കൊപ്പം എപ്പോഴും നിൽക്കുമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. തന്റെ കോൺഗ്രസ് പാരമ്പര്യത്തെക്കുറിച്ചും താരം അഭിമുഖത്തിൽ തുറന്നുപറഞ്ഞു:

“തടസ്സങ്ങൾ പാർട്ടിക്ക് ഉള്ളിൽ നിന്നും വരുന്നതാണ്. ഇപ്പോൾ പിണറായി വിജയനെ കുറ്റം പറയുന്നുണ്ട്. എന്തുകൊണ്ട് അത് നേരത്തെ പറഞ്ഞില്ല? തോറ്റപ്പോഴാണോ പറയുന്നത്?. പണ്ട് അങ്ങനെ ചെയ്തു എന്നൊക്കെ… അതിപ്പോൾ കണ്ണൂരുകാരായാലും തിരുവനന്തപുരംകാർ പറഞ്ഞാലും തെറ്റാണെന്നുള്ള അഭിപ്രായക്കാരിയാണ് ഞാൻ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അപ്പോൾ പറയണം. അന്ന് ഭരിക്കുന്നു, അതുകൊണ്ട് നേട്ടമുണ്ട്. ഇപ്പോൾ ഭരണം പോയി, എന്തൊക്കെയോ കിട്ടാതെ പോകും എന്ന ചിന്തയാണ്. ഇന്നലെ വരെ ഇല്ലാത്ത കുറ്റം! മുൻ മുഖ്യമന്ത്രി മരുമകനെ മന്ത്രിയാക്കി, എന്തേ ഇതിന് മുൻപും അങ്ങനെ നടന്നിട്ടില്ലേ? ഭർത്താവ് എം.പി, ഭാര്യ മന്ത്രി.. ഇതൊക്കെ ഇതിന് മുൻപും നടന്നിട്ടുള്ളതല്ലേ?”

“ഞാൻ വളരെ മൂത്ത കോൺഗ്രസ് കുടുംബത്തിലെ ആളാണ്. എന്റെ തറവാട് പെരുന്നയിലാണ്. അപ്പൂപ്പൻമാരൊക്കെ ഗാന്ധിയൻമാരായി ജീവിച്ചവരാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് എന്റെ അമ്മയ്ക്കൊക്കെ കൈപ്പത്തി അല്ലാതെ ഒരു ചിഹ്നവും അറിയില്ലായിരുന്നു. അങ്ങനെയുള്ള കോൺഗ്രസ് പാരമ്പര്യത്തിൽ വളർന്ന ആളാണ് ഞാൻ. ‘നിങ്ങളിങ്ങനെ പരസ്യമായിട്ട് അടിക്കല്ലേ’ എന്ന് കോൺഗ്രസിലെ ഏറ്റവും വലിയ നേതാക്കളോട് നേരിട്ട് പറഞ്ഞിട്ടുള്ള ആളാണ് ഞാൻ. വല്ലതുമുണ്ടെങ്കിൽ മുറിക്കകത്തിരുന്ന് പറ, ജനത്തിന് നിങ്ങൾ തമ്മിൽ അടിയാണെന്ന് തോന്നരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ വളരുന്തോറും നമ്മൾ കേട്ട കാര്യങ്ങളിൽ നിന്നും രാഷ്ട്രീയക്കാരുടെ പെരുമാറ്റ രീതികൾ ഒരുപാട് മാറിപ്പോകുന്നു.”

മുഖ്യമന്ത്രി വി.ഡി സതീശനോട് ഒരു അപേക്ഷ

സംസ്ഥാനത്ത് പുതിയ മന്ത്രിസഭ വരികയും പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അദ്ദേഹത്തോടുള്ള തന്റെ അപേക്ഷയും മല്ലിക പങ്കുവെച്ചു. “പുതിയ മുഖ്യമന്ത്രി അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യുമെന്നൊക്കെ പറഞ്ഞു കേൾക്കുന്നുണ്ട്. ഇതൊക്കെ പ്രാവർത്തികമാകട്ടെ എന്ന് വി.ഡി. സതീശനോട് അപേക്ഷിക്കുകയാണ്,” എന്ന് പറഞ്ഞുകൊണ്ടാണ് മല്ലിക സുകുമാരൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

English Summary

Popular Malayalam actress Mallika Sukumaran has strongly reacted to the internal criticism modern-day CPM leaders are raising against former Chief Minister and current Opposition Leader Pinarayi Vijayan following their electoral defeat. Mallika questioned why these leaders remained silent while in power and only started pointing out mistakes, like nepotism, after losing the government. Clarifying her own political background, Mallika revealed that she belongs to a traditional Congress family from Perunna, Changanassery, with Gandhian roots. Commenting on the political transition in the state, she requested the new Chief Minister, V.D. Satheesan, to practically implement the positive changes he has promised.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News