ശരീരഭാഗം വച്ച് അപമാനിക്കുന്നത് പതിവായി, എനിക്ക് ഇഷ്ടമുള്ളതാണ് ധരിക്കുന്നത്; ആഞ്ഞടിച്ച് ഹണി റോസ്
കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ഹണി റോസ്. ഒരിടവേളയ്ക്ക് ശേഷം മോണ്‍സ്റ്റര്‍ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഹണി റോസ്. സിനിമയില്‍ ഇടവേളയിട്ടപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഈയ്യടുത്തായി ഹണി റോസ് പങ്കെടുക്കുന്ന ഉദ്ഘാടനങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇതിന്റെ പേരില്‍ താരത്തെ സോഷ്യല്‍ മീഡിയ ട്രോളുന്നതും പതിവാണ്. ചില ട്രോളുകള്‍ കഴിഞ്ഞ ദിവസം ഹണി റോസ് തന്നെ പങ്കുവച്ചിരുന്നു. ഇത് ചർച്ചയായി മാറിയിരുന്നു.
അതിന് ശേഷം ഇപ്പോഴിതാ തന്റെ ഉദ്ഘാടനങ്ങളെക്കുറിച്ചും ട്രോളുകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഹണി റോസ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ചില രസകരമായ ട്രോളുകള്‍ ഞാന്‍ തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എല്ലാം ആരോഗ്യകരമായ ട്രോളുകളായിരുന്നില്ല. പിന്നെ യൂസ്ഡ് ആയി. അതോടെ ആസ്വദിക്കാന്‍ തുടങ്ങി. ബോയ്ഫ്രണ്ട് കഴിഞ്ഞത് മുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്യുന്നുണ്ട്. ഇപ്പോഴല്ല കൂടുതല്‍ ചെയ്യുന്നത്. നേരത്തെ ഇതിലും കൂടുതല്‍ ചെയ്തിരുന്നതാണ്. പക്ഷെ അപ്പോള്‍ സോഷ്യല്‍ മീഡിയ സജീവമല്ലായിരുന്നുവെന്ന് മാത്രം.
വസ്ത്രങ്ങളെക്കുറിച്ച് ഒരുപാട് കമന്റുകള്‍ കിട്ടാറുണ്ട്. വസ്ത്രം എന്നാല്‍ എനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ആയത് ധരിക്കുക എന്നതാണ്. പിന്നെ സിനിമയിലുള്ളതിനേക്കാള്‍ ക്രിയേറ്റീവ് ഫ്രീഡം ഉണ്ട്. സിനിമയിലാകുമ്പോള്‍ കഥാപാത്രത്തിന് ചേരുന്നതാണല്ലോ ഇടാന്‍ പറ്റുക. ആ അതിര്‍വരമ്പില്ല. ഞാന്‍ ചെല്ലുന്നിടത്തെ ആളുകള്‍ക്കോ അവിടെ കാണാന്‍ വരുന്നവര്‍ക്കോ പ്രശ്‌നമില്ല. എനിക്ക് കംഫര്‍ട്ടബിളായത് ധരിക്കുക എന്നതാണ് കാര്യമെന്നും താരം പറയുന്നുണ്ട്.
ബോഡി ഷെയ്മിംഗ് ഭയങ്കര നിര്‍ഭാഗ്യമാണ്. ഞാന്‍ മാത്രം നേരിടുന്നതല്ല. എല്ലാവരും നേരിടുന്നുണ്ട്. വണ്ണം കൂടിയാലും കുറഞ്ഞാലുമുണ്ട്. ഏതെങ്കിലും ശരീരഭാഗം വച്ച് അപമാനിക്കുക എന്നതൊക്കെ പതിവായി മാറി. ആ പ്രവണത സമൂഹത്തില്‍ നിന്നും മാറണമെന്നാണ് എനിക്ക് തോന്നുന്നതെന്നും ഹണി റോസ് പറയുന്നു.
സിനിമയില്‍ ക്രഷ് തോന്നിയ നടന്‍ വിജയ് ആണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. മലയാളത്തില്‍ രാജു ചേട്ടന്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊക്കെ ഒപ്പം അഭിനയിക്കണമെന്നുണ്ട്. ചിലര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം വന്നിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അതൊക്കെ നടക്കാതെ പോയെന്നാണ് ഹണി റോസ് പറയുന്നത്.
മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈ ഫീല്‍ഡില്‍ മാത്രമല്ല, പുറത്താണെങ്കിലും ഉണ്ടാകും. സിനിമ ഫീല്‍ഡ് ആഘോഷിക്കപ്പെടുന്നത് ആയതുകൊണ്ട്. എന്നെ സംബന്ധിച്ച് മോശം അനുഭവമുണ്ടായിട്ടുണ്ട്. പക്ഷെ അതിനെ നേരിടാന്‍ പഠിച്ചു. ഇപ്പോള്‍ എനിക്കറിയാം ഒരാള്‍ മോശമായി സമീപിച്ചാല്‍ എങ്ങനെയാണ് ഡീല്‍ ചെയ്യേണ്ടത് എന്നറിയാം. ഇപ്പോള്‍ അങ്ങനെയുണ്ടാകാറില്ല. തുടക്കകാലത്തായിരിക്കും അത്തരം സമീപനങ്ങളുണ്ടാവുക എന്നും ഹണി റോസ് പറയുന്നുണ്ട്.
വിനയന്‍ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലും മറ്റ് ഭാഷകൡലുമെല്ലാം അഭിനയിച്ചു. മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ മോണ്‍സ്റ്റര്‍ ആണ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമായാണ് ഹണി എത്തിയത്. താരത്തിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തു.
ഇപ്പോഴിതാ തെലുങ്കിലേക്ക് മടങ്ങിയെത്തുകയാണ് ഹണി റോസ്. സൂപ്പര്‍ താരം ബാലകൃഷ്ണയുടെ ചിത്രത്തിലൂടെയാണ് ഹണി റോസ് തെലുങ്കിലേക്ക് മടങ്ങിയെത്തുന്നത്. ചിത്രത്തിലെ പാട്ടിന്റെ ലിറിക് വീഡിയോ ഈയ്യടുത്ത് പുറത്തിറങ്ങിയിരുന്നു. മലയാളത്തിലും ഹണിയുടേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്.