മഞ്ഞപ്പടയ്ക്ക് വീണ്ടും തോല്‍വി,ബംഗളൂരുവിന് മുന്നില്‍ കീഴടങ്ങിയത് ഒരു ഗോളിന്

ബെംഗളൂരു:ജയത്തിന് വേണ്ടിയുള്ള കേരള കൊമ്പന്‍മാരുടെ കാത്തിരിപ്പ് നീളുന്നു.പൊരിഞ്ഞപോരാട്ടം തന്നെ നടത്തിയെങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ ബംഗലൂരു എഫ്.സിയോട് തോല്‍ക്കാനായിരുന്നുകേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിയോഗം.രാജ്യത്തിന്റെ സ്റ്റാര്‍ പ്ലെയറായ സുനില്‍ഛേത്രിയാണ് ബംഗലൂരുവിന്റെ വിജയഗോള്‍ നേടിയത്.55 ാം മിനിട്ടിലായിരുന്നു കേരളത്തിന്റെ വിജയമോഹങ്ങള്‍ക്കുമേല്‍ ഛേത്രി ഹെഡറിലൂടെ നിറയൊഴിച്ചത്.

ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കൊത്തയെ പരാജയപ്പെടുത്തിയ ശേഷം ബ്ലാസ്റ്റേഴ്സിനു വിജയം നേടാനായിട്ടില്ല.ഈ സീസണില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് നേരിട്ട മൂന്നാമത്തെ പരാജയമാണിത്. ആക്രമണ ഫുട്‌ബോളാണ് ബംഗലൂരുവിനെതിരെ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സ കാഴ്ചവെച്ചത്.ആദ്യപകുതിയില്‍ ലീഡ് നേടാന്‍ രണ്ടു മികച്ച അവസങ്ങള്‍ ലഭിച്ചെങ്കിലും പാഴായി. രണ്ടാംപകുതിയില്‍ ബെംഗളൂരു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ ആതിഥേയര്‍ ബ്ലാസ്റ്റേഴ്സിനെ നിരന്തരം മുള്‍മുനയില്‍ നിര്‍ത്തുക തന്നെ ചെയ്തു. തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഛേത്രിയിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങുകയുമായിരുന്നു.