KeralaNews

ബെവ്കോ ആപ്പ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പരാതി നല്‍കി

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലെയും, ബാറുകളിലെയും വെര്‍ച്ച്വല്‍ ക്യൂ മാതൃകയിലുള്ള ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കായി പ്രത്യേക മൊബൈല്‍ ആപ്പ് നിര്‍മ്മിക്കുന്നതിന് സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തതില്‍ നടന്ന വന്‍ അഴിമതിയെയും, ക്രമക്കേടിനെയും പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.

കഴിഞ്ഞ 20 വര്‍ഷമായി സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മദ്യവിതരണ രീതിയെ അട്ടിമറിച്ച് സ്വകാര്യ ബാര്‍ ഹോട്ടുലുകള്‍ക്കുകൂടി ചില്ലറ മദ്യവില്‍പന നടത്താനുള്ള അവസരമാണ് ഇതിലൂടെ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി FL3 ലൈസന്‍സുള്ള ബാറുകള്‍ക്ക് ഹോട്ടല്‍ പരിസരത്ത് പ്രത്യേക കൗണ്ടര്‍ സജ്ജമാക്കി മദ്യക്കുപ്പികള്‍ വില്ക്കാനുള്ള തീരുമാനം സംസ്ഥാനമന്ത്രി സഭ എടുക്കുകയും തുടര്‍ന്ന് 14.5.2020 ല്‍ ഫോറിന്‍ ലിക്വര്‍ റൂളില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍, വിജ്ഞാപനം പുറപ്പെടുവിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് 18.5.2020 ലാണ് സര്‍ക്കാര്‍ തീരുമാനം എക്‌സിക്യൂട്ടീവ് ഓര്‍ഡറായി ഇറങ്ങിയത്. സര്‍ക്കാര്‍ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ചില്ലറ മദ്യവില്പന ശാലകളിലെ തിരക്ക് ഒഴിവാക്കുന്നതിന് വെര്‍ച്വല്‍ ക്യൂ ഒരുക്കുന്നതിന് ‘ആപ്പ്’ തയ്യാറാക്കുന്നതിന് ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 29 കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. കമ്പനിയെ തിരഞ്ഞെടുക്കുന്നതിനായി ബിവറേജസ് കോര്‍പ്പറേഷനും ഐ.റ്റി വകുപ്പും ചേര്‍ന്ന് പ്രത്യേക സമിതിക്ക് രൂപംകൊടുത്തു. ഈ സമിതി മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവര്‍ത്തന പരിചയമില്ലാത്ത ഫെയര്‍ കോഡ് എന്ന കമ്പനിയെയാണ് തിരഞ്ഞെടുത്തത്.

സമാനമായ ആപ്പുകള്‍ കൈവശമുള്ള കമ്പനികള്‍ക്ക് (Scalable Product) മുന്‍ഗണന നല്‍കുമെന്നാണ് ടെണ്ടര്‍ നിബന്ധനകളില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത്തരം കമ്പനികളെ ഒഴിവാക്കിയാണ് സമാനമായ ഒരു ആപ്പ് പോലും നിര്‍മ്മിച്ചു പരിചയമില്ലാത്ത ഫെയര്‍കോഡ് എന്ന കമ്പനിയെ തെരഞ്ഞെടുത്തത്. ഫെയര്‍ കോഡ് കമ്പനി എസ്.എം.എസ് ചാര്‍ജിനായി 12 പൈസയാണ് ടെന്‍ഡറില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം ടെണ്ടറില്‍ പങ്കെടുത്ത ഒരു കമ്പനി എസ്.എം.എസ് ചാര്‍ജ് വേണ്ട എന്ന് അറിയിച്ചിരുന്നു. മാത്രമല്ല ഡെവലപ്‌മെന്റ് ചാര്‍ജ്ജ് വേണ്ട എന്ന് മറ്റ് രണ്ട് കമ്പനികളും അറിയിച്ചിട്ടുണ്ടായിരുന്നു. ഇവയെ തഴഞ്ഞാണ് ഫെയര്‍കോഡിന് ടെണ്ടര്‍ നല്‍കിയത്.

എസ്എംഎസ് ചാര്‍ജ്ജായി ഫെയര്‍കോഡ് കമ്പനി ടെണ്ടറില്‍ ക്വോട്ട് ചെയ്തിരുന്നത് 12 പൈസയായിരുന്നെങ്കിലും ഈ തുക വര്‍ക്ക് ഓഡര്‍ നല്‍കിയ ഘട്ടത്തില്‍ 15 പൈസയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച് നല്‍കുകയും ചെയ്തു. മാത്രമല്ല, എസ്.എം.എസ്. അയയ്ക്കുന്നതിനായി തിരഞ്ഞെടുക്കേണ്ട ടെലികോം കമ്പനികളുമായി നേരിട്ട് ധാരണയില്‍ എത്താനും ഈ കമ്പനിക്ക് സര്‍ക്കാര്‍ വഴിവിട്ട് അനുമതി നല്‍കി. ഈ നടപടികളിലൂടെ വന്‍ അഴിമതിയും, സാമ്പത്തിക ക്രമക്കേടുമാണ് നടന്നിരിക്കുന്നത്. ഇതുവഴി സ്വകാര്യ കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനം അനര്‍ഹമായി ലഭിക്കുന്നതിനുള്ള സൗകര്യവും, അവസരവുമാണ് സര്‍ക്കാര്‍ തലത്തില്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ഭാഗത്ത് നിന്നും വഴിവിട്ട സഹായം ഫെയര്‍ കോഡ് എന്ന കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
നിലവിലെ നിയമങ്ങള്‍ക്കും, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് നടന്നിട്ടുള്ള ഈ ക്രമക്കേടുകളെ സംബന്ധിച്ച് സമഗ്രവും, നീതിയുക്തവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് പരാതിയില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker