FootballKeralaNewsSports

സന്തോഷ് ട്രോഫി: മേഘാലയയെ പരാജയപ്പെടുത്തി ബംഗാൾ ഗ്രൂപ്പിൽ രണ്ടാമത്

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മേഘാലയയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ബംഗാൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബിനെ കീഴ്പ്പെടുത്തിയാൽ കേരളത്തിന് സെമിഫൈനലിലേക്ക് യോഗ്യത നേടാം. 85 ാം മിനുട്ടിൽ സ്‌കോർ 34 ൽ നിൽക്കെ മേഘാലയക്ക് ലഭിച്ച പെനാൽറ്റി ബംഗാൾ കീപ്പർ രക്ഷപ്പെടുത്തി. കീപ്പറിന്റെ ഇരട്ട സേവ് ആണ് മത്സരത്തിൽ വഴിതിരിവായത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റോടെ ബംഗാൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പിൽ മൂന്നാമത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റോടെ കേരളമാണ് ഗ്രൂപ്പിൽ ഒന്നാമത്.

കഴിഞ്ഞ മത്സരത്തിൽ കേരളത്തിനെതിരെ ഇറങ്ങിയ ആദ്യ ഇലവനിൽ മൂന്ന് മാറ്റങ്ങളുമായി മേഘാലയയും രണ്ട് മാറ്റങ്ങളുമായി ബംഗാളും പരസ്പരമുള്ള പോരാട്ടതിന് ഇറങ്ങിയത്. 10 ാം മിനുട്ടിൽ മേഘാലയക്ക് ആദ്യ അവസരം ലഭിച്ചു. ഇടതു വിങ്ങിൽ നിന്ന് ക്യാപ്ടൻ ഹാർഡി ക്ലിഫ് നൽകിയ പാസ് വിൽബോർട്ട് ഡോൺബോകലാഗ് ഹെഡ് ചെയ്‌തെങ്കിലും പുറത്തേക്ക് പോയി. 23 ാം മിനിട്ടിൽ ബംഗാൾ ലീഡെടുത്തു. ഇടതു വിംഗിലൂടെ മുന്നേറി ദിലിപ് ഒർവാൻ നൽകിയ പാസ് വലതു വിംഗിൽ നിന്ന് ഓടിയെത്തിയ ഫർദിൻ അലി മൊല്ല വലത് കാലുകൊണ്ടൊരു ഫുൾവോളി ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 35 ാം മിനിട്ടിൽ ബംഗാളിന് അടുത്ത അവസരം ലഭിച്ചു.

ഇടതു വിംഗിൽ നിന്ന് ശുഭം ഭൗമിക് നൽകിയ പാസ് ബോക്സിന് അകത്തുനിന്ന് സ്വീകരിച്ച ദിലിപ് ഒർവാൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്ക് പോയി. 40 ാം മിനിട്ടിൽ മേഘാലയ സമനില പിടിച്ചു. മദ്ധ്യനിരയിൽ നിന്ന് കൻസായിബോർ ലുയിഡ് നൽകിയ പാസ് ബംഗാൾ പ്രതിരോധ താരം രക്ഷപ്പെടുത്തിയെങ്കിലും വീണു കിട്ടിയ അവസരം സാഗ്തി സനായി ഗോളാക്കി മാറ്റി. 43 ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ബംഗാൾ വീണ്ടും ലീഡെടുത്തു. ഫർദിൻ അലി മൊല്ലയെ ബോക്സിന് അകത്ത് നിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഫർദിൻ അലി മൊല്ല തന്നെ ഗോളാക്കി മാറ്റുകയായിരുന്നു. ഫർദിൻ അലി മൊല്ലയുടെ രണ്ടാം ഗോൾ.

മേഘാലയയുടെ സമനില ഗോളോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. 46 ാം മിനിട്ടിൽ പ്രതിരോധ നിരയിൽ നിന്ന് പരസ്പരം പാസ് ചെയ്ത് കളിക്കവേ വരുത്തിയ പിഴവിൽ നിന്ന് പകരക്കാരനായി എത്തിയ ഷനേ ടരിയാങ് ഗോൾ നേടുകയായിരുന്നു. 49 ാം മിനിട്ടിൽ ബംഗാൾ വീണ്ടും ലീഡ് എടുത്തു. ബോക്സിന് അകത്തു നിന്ന് ലഭിച്ച മഹിതോഷ് റോയ് വേൾഡ് ക്ലാസ് ഫിനിഷിംഗിലൂടെ ഗോളാക്കി. 65 ാം മിനിട്ടിൽ മേഘാലയ ഷനേ ടരിയാങിലൂടെ വീണ്ടും സമനില പിടിച്ചു. വലതു വിംഗിൽ നിന്ന് കൻസായിബോർ ലുയിഡ് നൽകിയ പാസിൽ ഷനേ ടരിയാങ് ഗോൾ നേടുകയായിരുന്നു. 69 ാം മിനിട്ടിൽ വീണ്ടും ബംഗാൾ ലീഡെടുത്തു. വലതു വിംഗിൽ നിന്ന് ദിലിപ് ഒർവാൻ ബോക്സിലേക്ക് നൽകിയ പാസിൽ മഹിതോഷ് റോയ് ഗോളാക്കി മാറ്റി.

72 ാം മിനുട്ടിൽ ബോക്സിന് തൊട്ടുമുമ്പിൽ നിന്നായി മേഘാലയക്ക് ഫ്രീകിക്ക് ലഭിച്ചു. കൻസായിബോർ ലുയിഡ് എടുത്ത കിക്ക് ഗോൾകീപ്പർ തട്ടി അകറ്റി. 85 ാം മിനുട്ടിൽ മേഘാലയക്ക് പെനാൽറ്റി ലഭിച്ചു. കോർണർകിക്കിൽ ബംഗാളിന്റെ മധ്യനിര താരം സജൽ ബാഗിന്റെ കൈയിൽ തട്ടിയതിന് ലഭിച്ച പെനാൽറ്റി മേഘാലയൻ ക്യാപ്ടൻ ഹാർഡി ക്ലിഫ് എടുത്തു. ഗോൾ പോസ്റ്റിന്റെ സെന്ററിലേക്ക് അടിച്ച കിക്ക് ബംഗാൾ ഗോൾകീപ്പർ തട്ടിയകറ്റി. റിട്ടേൺ വന്ന പന്തും ഹാർഡി പോസ്റ്റിലേക്ക് അടിച്ചെങ്കിലും രണ്ടാം തവണയും ഗോൾ കീപ്പർ തട്ടിയകറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker