രാഹുല്‍ഗാന്ധി എവിടെ? വീഡിയോ പുറത്തിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജനങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോള്‍ രാഹുല്‍ ഇന്ത്യയിലുണ്ടാകാറില്ലെന്നും അദ്ദേഹം വിദേശത്ത് ആയിരിക്കുമെന്നും പലരും കളിയാക്കാറുണ്ട്. ഇത്തരം വിമര്‍ശകരുടെ വായടപ്പിക്കാനായി പാര്‍ട്ടി ഇപ്പോള്‍ ഒരു വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുലിനെ പുകഴ്ത്തിക്കൊണ്ട് മൂന്ന് മിനിറ്റോളം ദൈര്‍ഖ്യമുള്ള വീഡിയോ പുറത്തുവിട്ടത്. വീഡിയോയില്‍ രാഹുലിനെ ഒരു പോരാളിയായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറച്ച ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒട്ടുമിക്ക പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ചിത്രങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി നടന്ന വിവിധ സമരങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇതിലൂടെ തുറന്ന് കാട്ടാനാണ് പാര്‍ട്ടി ശ്രമിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം ജഹാംഗീര്‍പുരിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ രാഹുല്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം വിദേശത്താണെന്നാണ് സൂചന. ഈ സംഭവത്തില്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം പലരും ചോദ്യം ചെയ്തിരുന്നു. സര്‍ക്കാരിന് നേരെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ നിങ്ങള്‍ എന്തിനാണ് രാഹുലിനെ ചോദ്യം ചെയ്യുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.

ജെഎന്‍യു, ഹഥ്‌റാസ്, ധാരാവി, ലഖിംപൂര്‍ഖേരി എന്നീ സ്ഥലങ്ങളിലെ പ്രക്ഷോഭങ്ങള്‍, നോട്ട് നിരോധനം, കൊവിഡ്, കര്‍ഷക പ്രക്ഷോഭം, സിഎഎ, ഇന്ധന വില വര്‍ദ്ധന തുടങ്ങിയ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ എന്നിവയിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ രാഹുല്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം സ്ഥിരമായി വിദേശത്താണെന്ന് പറയുന്നവര്‍ക്കുമുള്ള മറുപടിയാണ് വീഡിയോ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News