‘സ്‌കാനിങിന് ശേഷമാണ് എന്റെ അസുഖം എന്താണെന്ന് തിരിച്ചറിഞ്ഞത്, ആ വില്ലന്‍ വീണ്ടും എന്നെ പിടികൂടി’; ബീന ആന്റണി!
കൊച്ചി:സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തി സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ബീന ആന്റണി. ബീനയും ഭർത്താവും മാത്രമല്ല മകനും അഭിനയിക്കും. 1991ൽ അഭിനയരംഗത്തേക്ക് പ്രവേശിച്ച താരം മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും താരത്തിളക്കത്തിന് മാറ്റ് കൂടിയിട്ടേയുള്ളുവെന്നത് വാസ്തവമായ കാര്യമാണ്.
താരം ഇപ്പോഴും സിനിമ-സീരിയൽ രംഗത്ത് സജീവമാണ്. നായികയായി മാത്രമല്ല ഹാസ്യ താരമായും വില്ലത്തിയായുമെല്ലാം ബീന സ്‌ക്രീനിൽ തിളങ്ങുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ടെലിവിഷൻ രംഗത്ത് ബീന കൈവെക്കാത്ത വേഷങ്ങൾ ഒന്നുമില്ലെന്ന് വേണം പറയാൻ.
നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിൽ തിളങ്ങുകയാണ്. അതുപോലെ തന്നെ ഭർത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്. വളരെ കുറച്ച് നാളുകളെയായുള്ളു ബീന ആന്റണി സോഷ്യൽമീഡിയയിൽ സജീവമാകാൻ തുടങ്ങിയിട്ട്. മകൻ ആരോമലാണ് സോഷ്യൽമീഡിയ ഹാൻഡ്ലിങ് ബീനയ പഠിപ്പിച്ചത്.
ഫോട്ടോഷൂട്ടും റീൽസും എല്ലാമായി ബീന ആന്റണി സജീവമാണ്. എന്നാൽ താരം കുറച്ച് മുമ്പ് പങ്കുവെച്ചൊരു വീഡിയോയാണ് ആരാധകരിൽ ആശങ്ക നിറച്ചിരിക്കുന്നത്. ആശുപത്രി കിടക്കിയിൽ കയ്യിൽ കനുലയുമായി അവശതയോടെ കിടക്കുന്ന ബീന ആന്റണിയെയാണ് വീഡിയോയിൽ കാണുന്നത്.
എന്തുകൊണ്ടാണ് തന്നെ വളരെ പെട്ടന്ന് ആശുപത്രിയിൽ അഡ്മിറ്റാക്കിയത് എന്നത് സംബന്ധിച്ച് തന്റെ ആരാധകർക്ക് വീഡിയോയിലൂടെ വിശദീകരണം നൽകുന്നുമുണ്ട് ബീന ആന്റണി. പൊതുവെ എനർജറ്റിക്കായി കാണപ്പെടാറുള്ള ബീന ആന്റണിക്ക് എന്ത് സംഭവിച്ചുവെന്നായിരുന്നു ആരാധകർക്കും പ്രേക്ഷകർക്കും അറിയേണ്ടിയിരുന്നത്.
ചുമ കാര്യമാക്കാതെ കൊണ്ട് നടന്നതിനാൽ ന്യുമോണിയയായി മാറി എന്നാണ് പുതിയ വീഡിയോയിൽ ബീന ആന്റണി പറഞ്ഞത്. തന്നെ ന്യുമോണിയ എന്ന വില്ലൻ കീഴടക്കിയെന്നും അതുകൊണ്ട് തന്നെ കുറച്ച് ദിവസത്തേക്ക് റെസ്റ്റിലായിരിക്കുമെന്നും ബീന ആന്റണി വ്യക്തമാക്കി. തമ്പ്‌നെയില്‍ കണ്ട് ആരും ഒന്നും പ്രഡിക്ട് ചെയ്യല്ലേ… ഒന്നുമില്ല ചെറിയ ന്യൂമോണിയ. ഞാന്‍ പെട്ടു. എല്ലാവരും ശ്രദ്ധിക്കണമെന്ന ക്യാപ്ഷനോടെയാണ് ബീന ആന്റണി തന്റെ അസുഖത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
ചുമയും കഫക്കെട്ടുമൊക്കെയാണെങ്കിലും ചുമ്മാ കിടക്കട്ടെ ഒരു റീല്‍. ജഗദീഷേട്ടന്റെ ഗാനങ്ങളില്‍ ഇഷ്ടപ്പെട്ട ഗാനമാണെന്ന് പറഞ്ഞായിരുന്നു ബീന കഴിഞ്ഞ ദിവസം റീല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായപ്പോൾ ന്യുമോണിയ വരാൻ സാധ്യതയുണ്ടെന്ന് പലരും മുന്നറിയിപ്പ് നൽകി.
അതിനുശേഷം നടിക്ക് മാരകമായ അസുഖം ബാധിച്ചുവെന്ന തരത്തിൽ വരെ ചില വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്നും ചുമ ശ്രദ്ധിക്കാതെ ന്യുമോണിയയായി മാറിയതാണെന്നും ഭയപ്പെടാനില്ലെന്നും ബീന ആന്റണി പുതിയ വീഡിയോയിൽ പറഞ്ഞു. ‘കഴിഞ്ഞ ദിവസം ഞാനൊരു റീല്‍ ഇട്ടിരുന്നു. കഫക്കെട്ടും ചുമയും കാരണം നല്ലൊരു പണി കിട്ടിയെന്ന് പറഞ്ഞിരുന്നു.’
‘ചേച്ചി ന്യൂമോണിയ ആവുമെന്ന് ചിലരൊക്കെ അന്ന് മുന്നറിയിപ്പ് തന്ന് പറഞ്ഞിരുന്നു. മുമ്പ് ഒരിക്കൽ ന്യൂമോണിയ വന്നത് ഇപ്പോഴും ആലോചിക്കാന്‍ വയ്യ. ഇപ്പോള്‍ വീണ്ടും ആ വില്ലന്‍ എന്നെ കീഴടക്കിയിരിക്കുകയാണ്. അഞ്ച് ദിവസത്തെ റെസ്റ്റാണ് പറഞ്ഞിട്ടുള്ളത്. ആന്റിബയോട്ടിക്ക് എടുത്തിരുന്നു. ടെസ്റ്റ് ചെയ്തപ്പോഴാണ് കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നറിഞ്ഞത്. ഇഞ്ചക്ഷനും കാര്യങ്ങളുമൊക്കെയുണ്ട്.’
‘ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോഴത്തെ ചുമ ആരും അത്ര നിസാരമായി കാണരുത്. പൊടിക്കൈകളൊന്നും ചെയ്ത് നില്‍ക്കരുത്. എക്‌സ്‌റേയോ സ്‌കാനോ എന്താണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നതെന്ന് വെച്ചാല്‍ എടുക്കുക. സ്‌കാനിംഗിന് ശേഷമാണ് എനിക്ക് ന്യൂമോണിയ ആണെന്നറിഞ്ഞത്.’
‘എന്തായാലും കുറച്ച് ദിവസം ഞാന്‍ റെസ്‌റ്റെടുക്കാന്‍ പോവുകയാണ്. എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്നും’, പറഞ്ഞാണ് ബീന ആന്റണി വീഡിയോ അവസാനിപ്പിച്ചത്. വീഡിയോ വൈറലായതോടെ എല്ലാം പെട്ടെന്ന് മാറുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് ആശംസിച്ച് സീരിയൽ താരങ്ങളും ആരാധകരും എല്ലാം കമന്റുകൾ കുറിച്ചു.