ഇരുപതിലധികം വീടുകള്‍ക്ക് തീപിടിച്ചു; രക്ഷകരായി പോലീസും സൈന്യവും
ജമ്മു: ജമ്മു കശ്മീരില്‍ വീടുകള്‍ക്ക് തീപിടിച്ചു. കശ്മീരിലെ ബരാമുള്ളയില്‍, 20ല്‍ പരം വീടുകള്‍ക്കാണ് തീപിടിച്ചത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 31 കുടുംബങ്ങള്‍ക്കാണ് ഇതോടെ വീടില്ലാതായത്. സംഭവത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല. അതേസമയം, 6 പേര്‍ക്ക് പരുക്ക് പറ്റിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വ്യാഴാഴ്ച രാത്രിയാണ് തീപിടുത്തം ഉണ്ടായത്. 20 വീടുകള്‍ക്ക് തീപിടിച്ചെങ്കിലും ജമ്മു കശ്മീര്‍ പോലീസിന്റെയും പട്ടാളത്തിന്റെയും ഇടപെടല്‍ അപകടനിരക്ക് വളരെ കുറയാന്‍ സഹായിച്ചു. തീപിടുത്തം ഉണ്ടായ വീടുകളിലെയും സമീപ വീടുകളിലെയും ഗ്യാസ് സിലിണ്ടര്‍ വേഗം എടുത്തുമാറ്റിയത് വലിയ ദുരന്തം ഒഴിവാക്കി.
വീടുകളില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ താത്കാലികമായി അടുത്തുള്ള മുസ്ലിം പള്ളിയിലേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.