മുടിയെല്ലാം നരച്ചു;സത്യത്തിൽ ഒരു ഭാഷയും മര്യാദക്ക് അറിയില്ല; തുറന്ന് പറഞ്ഞ് നടി അർച്ചന കവി
കൊച്ചി:ലാൽജോസിൻ്റെ നീലത്താമരയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് അർച്ചന കവി. സിനിമയിൽ മലയാള തനിമ തുളുമ്പുന്ന പക്ക നാട്ടിൻപുറത്തു കാരി കുഞ്ഞിമാളു എന്ന കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. തൊട്ടടുത്ത വർഷം റിലീസ് ചെയ്ത മമ്മി ആന്റ് മീ എന്ന ചിത്രത്തിലെ പ്രകടനത്തിനും മികച്ച അഭിപ്രായം ലഭിച്ചു. അതിനു ശേഷം അത്തരത്തിലൊരു വേഷം അർച്ചനയെ തേടി എത്തിയിരുന്നില്ല.
പേരിലെ കൗതുകം കൊണ്ട് തുടക്ക കാലത്ത് പലരും കവി എന്നതിന്റെ അർത്ഥം തിരഞ്ഞിരുന്നു. തന്റെ കുടുംബ പേരാണ് അതെന്നും, അച്ഛനും അമ്മക്കും, സഹോദരനും ഇത്തരത്തിൽ പേരിന്റെ അറ്റത്ത് കവി എന്ന് വിളിപ്പേരുണ്ട് എന്നും അർച്ചന കവി പറഞ്ഞിരുന്നു. സിനിമയിൽ നിന്ന് ഏറെ നാളുകളായി വിട്ടുനിൽക്കുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ ഇന്നും സജീവമാണ്.
താരം പങ്കു വെക്കുന്ന പല വീഡിയോകളും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിരിക്കുന്നു. “എനിക്ക് ഒരു കാര്യം പറയണം, ഐ ലവ് യു ഓൾ” എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ചില കമന്റുകൾ റിയാക്ട് ചെയ്ത് കൊണ്ടുള്ള വീഡിയോ ആയിരുന്നു അത്. ആരോ 1.5 സ്പീഡ് എന്ന് കമന്റ് ഇട്ടതിന് വളരെ സ്പീഡ് കുറച്ചായിരുന്നു അതിന് റിയാക്ട് ചെയ്തത്.
പൊതുവേ പലതരം ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടെങ്കിലും അവയെല്ലാം തമാശ രൂപേണ, അല്ലെങ്കിൽ തിരിച്ച് ട്രോൾ ചെയ്യുന്ന പോലെയാണ് താരം പ്രതികരിക്കാറ്. മറ്റൊരു കമന്റ് ‘മലയാളം അറിയില്ലേ’ എന്നായിരുന്നു. അതിനും അർച്ചനയുടെ മറുപടി രസകരമാണ്. “എനിക്ക് മലയാളം നന്നായി അറിയാം. പക്ഷേ ചില കാര്യങ്ങൾ പറയുമ്പോൾ മലയാളത്തിൽ വാക്കുകൾ കിട്ടില്ല. ശരിക്കും പറഞ്ഞാൽ ഒരു ഭാഷയും മര്യാദക്ക് സംസാരിക്കാൻ അറിയില്ല. പിന്നെ എങ്ങനെയൊക്കെയോ തട്ടിം മൂട്ടീം പൊയ്കൊണ്ടിരിക്കുവാ.” ഇങ്ങനെയാണ് നടി പറയുന്നത്.
ഇതിൽ മറ്റൊരു കാര്യമെന്തെന്നാൽ എല്ലാവരും ശ്രദ്ധിക്കുന്നത് നരച്ച മുടിയുമായി വീഡിയോ ചെയ്യുന്ന അർച്ചനയെ ആണ്. അതിനാൽ വീഡിയോക്ക് താഴെ വന്ന കമൻ്റുകളും അത്തരത്തിലായിരുന്നു. മുടി നരച്ച് തുടങ്ങിയല്ലോ എന്നായിരുന്നു പലരുടെയും ചോദ്യം. ഒരാൾ പറഞ്ഞത് നയന്റിസ് കിഡ്സിൽ ഒരാൾ കൂടെ നരച്ച് കണ്ടപ്പോ ഒരാശ്വാസം എന്നായിരുന്നു. ചിലർ ട്രെന്റിംഗ് ട്രോൾ ഡയലോഗുകളും പറയുന്നു.
2016ൽ വിവാഹത്തിന് ശേഷമായിരുന്നു സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിന്നത്. മാത്രമല്ല തുടരെ തുടരെയുള്ള പരാജയവും സിനിമ ഉപേക്ഷിക്കാൻ ഒരു കാരണമായി. എന്നാൽ 2021 ൽ അബിഷ് മാത്യുവുമൊത്തുള്ള വിവാഹ ബന്ധം വേർപെടുത്തി. അതിനു ശേഷം മലയാളത്തിൽ രാജ റാണി എന്ന സീരിയൽ ചെയ്തിരുന്നു. എന്നാൽ പല കാരണങ്ങളാൽ അതിൽ നിന്നും പിന്നീട് പിൻമാറേണ്ടി വന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാം റീൽസുകളും മറ്റു വീഡിയോകളും ചെയ്ത് താരം തിരക്കിലാണ്.