വാനിറ്റി വാനിൽ കയറരുത്; കടുത്ത ചൂടിൽ ഇറക്കി വിട്ടു; അമല പോളിന്റെ പെരുമാറ്റം; ആരോപണവുമായി ഹെയർ സ്റ്റെെലിസ്റ്റ്
ചെന്നൈ:തെന്നിന്ത്യൻ സിനിമാ രംഗത്തെ തിരക്കേറിയ നായിക നടിയായിരുന്ന അമല പോളിന് പിന്നീട് കരിയറിലും ജീവിതത്തിലും ചില തിരച്ചടികളുണ്ടായിട്ടുണ്ട്. താര റാണിയായി മാറിക്കൊണ്ടെയിരിക്കെയുള്ള വിവാഹം, വേർപിരിയൽ, തുടർന്ന് കരിയറിൽ വന്ന പാളിച്ചകൾ തുടങ്ങിയവയെല്ലാം സിനിമാ ലോകത്ത് ചർച്ചയായതാണ്. വിവാദങ്ങളിൽ നിറഞ്ഞ് നിന്ന ഒരു കാലം അമല പോളിനുണ്ടായിരുന്നു. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം മറി കടന്ന് മുന്നോട്ട് നീങ്ങാൻ അമലയ്ക്ക് സാധിച്ചു.
അമ്മയായതിന്റെ സന്തോഷത്തിലാണ് അമല പോളിപ്പോൾ. കഴിഞ്ഞ ദിവസമാണ് നടി ആൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് ജഗത് ദേശായിയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഓടി നടന്ന് സിനിമകൾ ചെയ്ത ഒരു കാലം അമലയ്ക്കുണ്ട്. എന്നാൽ ഇന്ന് തിരക്ക് പിടിച്ച ജീവിതത്തോട് നടിക്ക് താൽപര്യമില്ല. വിവാദങ്ങളെല്ലാം അകന്ന് സന്തോഷകരമായ ജീവിതം നയിക്കവെ അമലയ്ക്കെതിരെ ഇപ്പോൾ പുതിയ ആരോപണം വന്നിരിക്കുകയാണ്.
ബോളിവുഡ് ഹെയർസ്റ്റെെലിസ്റ്റ് ഹേമയാണ് ഒരു അഭിമുഖത്തിൽ അമല പോളിനെ വിമർശിച്ച് സംസാരിച്ചത്. ഒരിക്കൽ ഞാൻ അമല പോളിന്റെ ഷൂട്ടിന് ചെന്നെെയിൽ എത്തി. എനിക്കവരെ നേരിട്ട് അറിയില്ല. ഏപ്രിൽ മാസത്തിലോ മെയ് മാസത്തിലോ ആയിരുന്നു ഷൂട്ട്. ഞങ്ങൾ എത്തിയപ്പോൾ കടുത്ത ചൂടാണ്. ലൊക്കേഷനിൽ മരങ്ങളോ മറ്റ് തണലോ ഇല്ല. അതിനാൽ ഞങ്ങൾ വാനിറ്റി വാനിൽ കയറി.
വാനിൽ രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന് ആർട്ടിസ്റ്റുകൾക്കും. രണ്ടാമത്തേത് ടെക്നീഷ്യൻസിനും. ഞങ്ങൾ അകത്ത് കയറി ഇരുന്നു. ഞങ്ങളോട് പുറത്ത് പോകാൻ പറയാൻ അമല മാനേജരോട് ആവശ്യപ്പെട്ടു. വാനിറ്റി വാനിൽ ഇരിക്കാൻ അനുവാദമില്ലെന്ന് അവരോട് പറയാൻ പറഞ്ഞു. മനേജർ ഇക്കാര്യം പറഞ്ഞപ്പോൾ മേക്കപ്പ് മാനും ഞാനും പരസ്പരം നോക്കി. ഈ ചൂടിൽ ഞങ്ങൾ എവിടെ പോകും. പക്ഷെ എന്നിട്ടും ഞങ്ങൾക്ക് പുറത്തിറങ്ങേണ്ടി വന്നെന്നും ഹെയർസ്റ്റെെലിസ്റ്റ് ഹേമ വ്യക്തമാക്കി. ഒരു ബോളിവുഡ് മാധ്യമവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
തെന്നിന്ത്യൻ താരങ്ങൾ ഹെയർസ്റ്റെെലിസ്റ്റുകൾക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും മതിയായ ബഹുമാനം നൽകാറില്ലെന്നും ഹേമ അഭിമുഖത്തിൽ സൂചിപ്പിച്ചു. തെന്നിന്ത്യയിൽ ഇങ്ങനെയാണോ കാര്യങ്ങൾ എന്ന് എനിക്കറിയില്ല. ഒരുപക്ഷെ മേക്കപ്പ് ആർട്ടിസ്റ്റുകൾ വാനിറ്റി വാനിൽ കയറരുതെന്ന് ചട്ടം ഉണ്ടാവും. എങ്ങനെയാണ് നമ്മൾ അവർക്ക് മുന്നിൽ പരിചയപ്പെടുത്തുക.
വളരെ നല്ല രീതിയിൽ പെരുമാറുകയും ഹെയർസ്റ്റെെലിസ്റ്റുകൾക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കുമായി ഒരു വാൻ തന്നെ ബുക്ക് ചെയ്ത തബുവിനെ പോലെയുള്ള താരങ്ങൾക്കൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് എങ്ങനെ അവരോട് പറയും. തെന്നിന്ത്യൻ സിനിമാ രംഗത്ത് അമല പോളിന്റേത് പോലുള്ള പെരുമാറ്റം ഒരുപാടുണ്ടാകാറുണ്ടെന്നും ഹേമ തുറന്ന് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മറ്റൊരു പ്രമുഖ ഹെയർസ്റ്റെെലിസ്റ്റായ മരിയ ബോളിവുഡ് നടി റാണി മുഖർജിയെ വിമർശിച്ചത്. മോശം പെരുമാറ്റമായിരുന്നു റാണിയുടേതെന്നും നടി ദേഷ്യക്കാരിയാണെന്നും മരിയ തുറന്നടിച്ചു.