എന്നെ വേദനിപ്പിച്ച ആർട്ടിക്കിളുകൾ അന്ന് വന്നു; എത്രയോ കാലം എനിക്കാ സംശയമുണ്ടായി; ജ്യോത്സ്ന
കൊച്ചി:സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ഗായികയാണ് ജ്യോത്സ്ന. ജ്യോത്സനയുടെ ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഹിറ്റായ ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ യുവത്വത്തിന്റെ ഹരമായി ജ്യോത്സ്നയുടെ ശബ്ദം മാറി. സ്വപ്നക്കൂട്, നമ്മൾ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ആരാധകർ ഏറ്റെടുത്തു. പുതിയ ഗായകർക്ക് വലിയ അവസരങ്ങൾ കിട്ടാത്തപ്പോഴാണ് ചെറുപ്രായത്തിൽ തന്നെ ജ്യോത്സ്ന പ്രഗൽഭരായ സംഗീത സംവിധായകർക്കൊപ്പം ഹിറ്റ് ഗാനങ്ങൾ പാടിയത്.
അന്ന് ഇത് വലിയ തോതിൽ ചർച്ചയായി. പലപ്പോഴും കുറ്റപ്പെടുത്തലുകളും ജ്യോത്സ്നയ്ക്ക് വന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഗായികയിപ്പോൾ. യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് ജ്യോത്സന അനുഭവങ്ങൾ പങ്കുവെച്ചത്. വർഷങ്ങളായി പാട്ട് പഠിച്ച് ഇതിന് വേണ്ടി കഷ്ടപ്പെട്ട് നടക്കുന്ന എത്രയോ പാട്ടുകാർ ആ സമയത്തും ഉണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടോ ഈ അവസരം എനിക്ക് വന്നതാണ്.
ആ സമയത്ത് ആർട്ടിക്കിളുകൾ വരെ വന്നിട്ടുണ്ട്. കഴിവില്ലെന്നൊക്കെ പറഞ്ഞു. മോശമായി എഴുതിയ ഒരുപാട് ആർട്ടിക്കിളുകൾ വന്നു. ചിലതൊക്കെ ഞാൻ വായിച്ചിട്ടുമുണ്ട്. അതെന്നെ വേദനിപ്പിച്ചു. നല്ല ലേഖനകളും വന്നിട്ടുണ്ട്. പുതിയ ശബ്ദമാണ്. പുതിയ സ്റ്റെെലിൽ പാടുന്നു. വ്യത്യസ്തമായ എന്ത് വന്നാലും അംഗീകരിക്കാൻ കുറച്ച് സമയമെടുക്കും. ടെക്നോളജി കൊണ്ട് രക്ഷപ്പെട്ടതാണെന്നൊക്കെ പറയുമായിരുന്നു.
പക്ഷെ അതിൽ ഒന്നും ചെയ്യാനില്ല. അവസരങ്ങൾ വന്നത് ആ സമയത്ത് എനിക്ക് ഭാഗ്യമുണ്ടായത് കൊണ്ടാണ്. ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജയചന്ദ്രൻ, ജാസി ഗിഫ്റ്റ്, അൽഫോൻസ് തുടങ്ങി പ്രഗൽഭരുടെ പാട്ടുകൾ പാടാൻ പറ്റിയെന്നും ജ്യോത്സ്ന വ്യക്തമാക്കി. അത്ര മോശം ആയിരുന്നെങ്കിൽ ഇവർക്കൊപ്പമുള്ള അവസരം ലഭിക്കില്ലായിരുന്നു. അന്നെനിക്ക് 16-17 വയസേയുള്ളൂ.
ഇത്തരം കാര്യങ്ങൾ വായിക്കുമ്പോൾ നമ്മൾക്ക് സ്വയം സംശയം തോന്നും. ശരിക്കും കഴിവില്ലേ, ഭാഗ്യം മാത്രമാണോ എന്നൊക്കെ തോന്നും. എത്രയോ കാലം ഞാൻ ആ സംശയം വെച്ച് ജീവിച്ചു. കുറച്ച് അനുഭവങ്ങൾ ആയപ്പോൾ സ്വന്തം കഴിവ് മനസിലായെന്നും ജ്യോത്സ്ന വ്യക്തമാക്കി. ഗായികയാകണമെന്ന് ആഗ്രഹിച്ച് വന്നയാളല്ലെന്ന് ജ്യോത്സ്ന പറയുന്നു. താൻ പതിനാറ് വയസിൽ തനിക്ക് ലഭിച്ച ഈ പേരും പ്രശസ്തിയും എങ്ങനെ അന്ന് കൈകാര്യം ചെയ്തെന്ന് ഇപ്പോഴും ആലോചിക്കാറുണ്ട്.
ഇത് എന്റെ ഷോർട്ട് ടൈം പ്ലാനിൽ പോലും ഇല്ലാത്ത സംഭവമായിരുന്നു. നമ്മളൊന്നും സ്വപ്നത്തിൽ പോലും അതൊന്നും വിചാരിച്ചിരുന്നില്ലെന്നും ജ്യോത്സ്ന വ്യക്തമാക്കി. ജ്യോത്സ്നയുടെ പുതിയ ഗാനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. റിയാലിറ്റി ഷോകളിൽ ജഡ്ജായി ജ്യോത്സ്ന എത്താറുണ്ട്. 2002 ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിന് പിന്നണി പാടിക്കൊണ്ടാണ് ജ്യോത്സ്ന സിനിമാ രംഗത്തേക്ക് വരുന്നത്. നമ്മൾ എന്ന സിനിമയിൽ എന്തുസുഖമാണീ നിലാവ് എന്ന ഗാനത്തിലൂടെ ഗായിക ശ്രദ്ധിക്കപ്പെട്ടു. ജ്യോത്സ്നയുടെ പല ഗാനങ്ങളും ഇന്നും ജനപ്രീതിയിൽ മുന്നിലാണ്.