കോട്ടയം നഗരത്തില്‍ മദ്യപന്റെ അതിക്രമം: തലയടിച്ചു പൊട്ടിക്കല്‍, നഗ്നതാപ്രദര്‍ശനം; സാക്ഷിയായി പോലീസ്
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ മദ്യപന്റെ അതിക്രമം. അക്രമം തടയാനെത്തിയ ആളുടെ തല അടിച്ചുപൊട്ടിച്ചു. പോലീസിനെ സാക്ഷിയാക്കിയും മദ്യപൻ നഗരമധ്യത്തിൽ അഴിഞ്ഞാടി.
തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേർന്ന് തെരുവിൽ കഴിയുന്ന സ്ത്രീയും ബാബു എന്ന ആളും മദ്യപിച്ച ശേഷം വാക്കുതർക്കമുണ്ടായതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. സ്ത്രീയെ ബാബു ക്രൂരമായി മർദിച്ചു. തടയാൻ ശ്രമിച്ച ആളുകളെ ആക്രോശിച്ചും കത്തിവീശിയും ഓടിച്ചു. നഗ്നപ്രദർശനവും നടത്തുകയുണ്ടായി.
ഇതിനിടെ സ്ത്രീയുടെ ശരീരത്തിൽ നിന്ന് പൊട്ടിയൊലിച്ച ചോര തുടക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ തല ബാബു അടിച്ചുപൊട്ടിച്ചു. പോലീസിനെ സാക്ഷിയാക്കിയായിരുന്നു ഈ അതിക്രമം. ഇതരസംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് കൺട്രോൾ റൂമിലും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും വിളിച്ച് വിവരം പറഞ്ഞിട്ടും ഏറെ സമയത്തിന് ശേഷമാണ് നഗരമധ്യത്തിൽ നടക്കുന്ന അക്രമം തടയാൻ കൺട്രോൾ റൂം പോലീസ് എത്തിയതെന്ന് ആരോപണമുണ്ട്. അക്രമം തടയാനോ ഇയാളെ പിടിച്ചുകൊണ്ടുപോകാനോ പോലീസ് ആദ്യം ശ്രമിച്ചില്ല. അര മണിക്കൂറോളം ഇവിടെ ഗതാഗതസ്തംഭനമുണ്ടായി.
വീണ്ടും ഫോൺ വിളിച്ചറിയിച്ചതിനെ തുടർന്നാണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരെത്തിയത്. ബൈക്കിൽ പോലീസുകാർ എത്തിയിട്ടും ഒരാൾ മാത്രമാണ് അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്. എന്തിനാണ് ഇതിനൊക്കെ പോലീസിനെ വിളിക്കുന്നതെന്നായിരുന്നു വന്ന ഒരു പോലീസുകാരന്റെ ചോദ്യം. തുടർന്ന് നാട്ടുകാർ ബഹളംവെച്ചതോടെയാണ് അക്രമിയെ പിടിച്ച് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയത്.