ജനങ്ങളെ പീഡിപ്പിച്ച ഉദ്യോഗസ്ഥരെ വെറുതെവിടില്ലെന്ന് വിമതർ;പോകാനിടമില്ല,തെരുവിൽ അലഞ്ഞ് ജയിൽമോചിതർ

ദമാസ്‌കസ്: സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍-ജലാലിയുമായി കൂടിക്കാഴ്ച നടത്തി വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി. പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചതിന് പിന്നാലെ സിറിയയിലെ ഭരണമാറ്റം സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് കൂടിക്കാഴ്ച നടത്തിയത്. ടെലഗ്രാം ചാനലില്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് വിമതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
അസദിന്റെ ഭരണത്തിന് കീഴില്‍ നടന്ന പീഡനങ്ങള്‍ക്ക് ഉത്തരവാദികളായ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുതിയ ഭരണകൂടം വെറുതേവിടില്ല എന്ന് അല്‍-ജുലാനി വ്യക്തമാക്കി. ‘സിറിയന്‍ ജനതയെ പീഡിപ്പിക്കുന്നതിന് ഉത്തരവാദികളായ കുറ്റവാളികളേയും കൊലപാതകികളേയും സുരക്ഷാ ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരേയും പ്രതിക്കൂട്ടില്‍ കയറ്റാന്‍ പുതിയ ഭരണകൂടം മടിക്കില്ല.’ -വിമതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സിറിയയിലെ ഭരണമാറ്റം ആയിരക്കണക്കിന് പേരുടെ ജയില്‍മോചനത്തിനാണ് വഴി തുറന്നത്. അസദ് ഭരണകാലത്ത് ക്രൂരപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ ദമാസ്‌കസിലെ ജയിലുകള്‍ക്കും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്കും പുറത്ത് ഉറ്റവരെ തിരഞ്ഞ് ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.
വധശിക്ഷയും സ്വാഭാവികമരണവും ഉള്‍പ്പെടെ ഒരു ലക്ഷത്തിലേറെ പേരാണ് അസദിന്റെ ഭരണകാലത്ത് സിറിയന്‍ ജയിലുകളില്‍ മരിച്ചതെന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ 2021-ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെദ്‌നായ ജയിലില്‍ മാത്രം 30,000 പേരാണ് മരിച്ചത്. പുതിയ സാഹചര്യത്തില്‍ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ പലരും തെരുവില്‍ അലയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം അസദ് ഭരണകൂടം നിലംപതിച്ചതിന് പിന്നാലെ സിറിയയ്‌ക്കെതിരെ ഇസ്രയേല്‍ നിരന്തരമായി വ്യോമാക്രമണം നടത്തുകയാണ്. 48 മണിക്കൂറിനിടെ 250-ഓളം ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഉഗ്രശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.