ജാക്വിലിന്റെ പേരില്‍ വയനാടിന് സഹായം, 100 ആരാധകര്‍ക്ക് ഐഫോണ്‍ സമ്മാനം; ജയിലില്‍ നിന്നും സുകേഷ് ചന്ദ്രശേഖര്‍
മുംബൈ:തട്ടിപ്പ് കേസില്‍ ജയലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് എഴുതിയ കത്ത് പുറത്ത്. ഞായാറാഴ്ച 39-ാം ജന്മദിനം ആഘോഷിക്കുന്ന ജാക്വിലിന് ഒരു ആഡംബര നൗക സമ്മാനിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ലേഡി ജാക്വലിന്‍’ എന്ന് പേരിട്ടിരിക്കുന്ന ആഡംബര നൗക ആണ് നടിക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്.
ഈ മാസം തന്നെ യാട്ട് ഡെലിവറി ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാക്വിലിനെ തന്റെ ബേബി ഗേള്‍ എന്ന് വിളിച്ച സുകേഷ്, നടിയുടെ എല്ലാ ആഗ്രഹങ്ങളും വരും വര്‍ഷത്തില്‍ സാക്ഷാത്കരിക്കപ്പെടണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും, വേര്‍പിരിഞ്ഞിരുന്നാലും തന്റെ ചിന്തകളും ആത്മാവും ജാക്വിലിനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.
2025ല്‍ താന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും. അന്ന് റോമിയോ ജൂലിയറ്റ് രീതിയില്‍ അടുത്ത ജന്മദിനം ആഘോഷിക്കാം. ജാക്വലിന്റെ പേരില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് 15 കോടി നല്‍കും. ജാക്വലിന്റെ 100 ആരാധകര്‍ക്ക് ഐഫോണ്‍ 15 പ്രോ സമ്മാനം നല്‍കും.
വിജയികളെ യൂട്യൂബില്‍ തന്റെ ടീം പ്രഖ്യാപിക്കും എന്നും സുകേഷ് പറയുന്നു എന്നൊക്കൊയാണ് കത്തില്‍ പറയുന്നത്. അതേസമയം, സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂലൈയില്‍ എന്‍ഫോഴ്സ്മെന്റ് ജാക്വിലിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.