KeralaNews

യാത്രാക്ലേശം രൂക്ഷം,കൊച്ചിയില്‍ ട്രെയിന്‍ യാത്രക്കാരുടെ പ്രതിഷേധമിരമ്പി

കൊച്ചി:കായംകുളം മുതൽ കോട്ടയം വഴി എറണാകുളം ടൗൺ വരെയുള്ള യാത്രക്കാർ കറുത്ത ബാഡ്ജുകൾ ധരിച്ചെത്തി എറണാകുളം ടൗൺ സ്റ്റേഷനിൽ പ്രതിഷേധിച്ചു. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്ന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടന്നത്.

പാലരുവിയിലെ അതികഠിനമായ തിരക്കിന് പ്രതിഷേധത്തിലൂടെ പരിഹാരം തേടുകയായിരുന്നു. യാത്രക്കാർ പതിവായി കുഴഞ്ഞുവീഴുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. യാത്രക്കാർ തന്നെയാണ് പലപ്പോഴും രക്ഷകരായി മാറുന്നതും മെഡിക്കൽ എമർജൻസി സൗകര്യങ്ങൾ ഒരുക്കുന്നതും. പ്രതിഷേധ ദിനമായ ഇന്നും രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ പിന്നീട് സ്ത്രീകൾക്കായി അംഗപരിമിതരുടെ കോച്ച് തുറന്നു കൊടുത്തു.

അതിന് ശേഷം പാലരുവി വന്ദേഭാരത്‌ കടന്നുപോകാൻ മുളന്തുരുത്തിയിൽ പിടിച്ചിട്ടപ്പോഴാണ് രണ്ടാമത്തെ യാത്രക്കാരി കുഴഞ്ഞു വീഴുന്നത്. അവർക്ക് ഗാർഡിന്റെ ക്യാബിനിൽ കയറ്റി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ എമർജൻസി സൗകര്യം ഒരുക്കുകയായിരുന്നു.

പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒന്നരമണിക്കൂർ ഇടവേളയാണ് യാത്രാക്ലേശം മൂർദ്ധന്യാവസ്ഥയിലെത്തിക്കുന്നത്. വേണാട് ജംഗ്ഷൻ ഒഴിവാക്കിയപ്പോൾ സൗത്തിലെ ഓഫീസുകളിൽ സമയം പാലിക്കേണ്ടവർ കൂടി പാലരുവിയെ ആശ്രയിക്കാൻ നിർബന്ധിതരായി. അതോടെ തിരക്ക് നിയന്ത്രണാതീതമായി.

പാലരുവിയ്ക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയിൽ ഒരു മെമു അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. അതോടെ തിരക്കിന് പരിഹാരവും അതിരാവിലെ വീടുകളിൽ നിന്ന് പുറപ്പെടേണ്ട അവസ്ഥയ്ക്കും മാറ്റവും ഉണ്ടാകുന്നതാണ്. അടിയന്തിരമായി തിരക്ക് പരിഹരിക്കുന്നതിന് പാലരുവിയിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും വന്ദേഭാരത്‌ കടന്നുപോകാൻ മുളന്തുരുത്തിയിൽ പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേയ്ക്ക് മാറ്റണമെന്നുമാണ് യാത്രക്കാരുടെ മറ്റു ആവശ്യങ്ങൾ. പാലരുവി തൃപ്പൂണിത്തുറയിലെത്തിയാൽ തിരക്കിന് അല്പം ആശ്വാസമാകുന്നതാണ്.

ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ, ശശി എൻ എ, കൃഷ്ണ മധു, ജീനാ,സിമി ജ്യോതി,യദു എന്നിവരാണ് പ്രതിഷേധം നയിച്ചത്. നൂറുകണക്കിന് യാത്രക്കാർ സംഘടിച്ച് എറണാകുളം ടൗൺ സ്റ്റേഷൻ മാനേജർ ശ്രീ. ബാലകൃഷ്ണ പണിക്കർക്ക് ഭീമ ഹർജി നൽകുകയിരുന്നു.

പരാതി ഉന്നതാധികാരികളിലേയ്‌ക്കും ഡിവിഷൻ ഓഫീസിലേയ്ക്കും കൈമാറുമെന്ന് അദ്ദേഹം ഉറപ്പു നൽകി. യാത്രാക്ലേശം പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകാണെമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker