FeaturedHome-bannerKeralaNews

കേന്ദ്രവിഹിതം കൂടുതല്‍ ഉത്തര്‍പ്രദേശിലേക്ക്,ഏറ്റവും കുറവ് കേരളത്തിന്,കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിയ്ക്കുന്നുവെന്ന് കണക്കുകള്‍

തിരുവനന്തപുരം: പ്രധാനപ്പെട്ട എട്ടോളം സംസ്‌ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ നികുതിയും ഗ്രാന്റും വഴിയുള്ള കേന്ദ്രവിഹിതം ഏറ്റവും കുറവ്‌ കേരളത്തിന്‌. ഈ സാമ്പത്തിക വര്‍ഷം 2023 സെപ്‌റ്റംബര്‍ വരെയുള്ള അക്കൗണ്ടന്റ്‌ ജനറലിന്റെ കണക്കാണിത്‌. ശമ്പളത്തിനും സാമൂഹിക പെന്‍ഷനും പോലും പണമില്ലാതെ കേരളം നട്ടംതിരിയുമ്പോഴാണ്‌ ഇത്തരമൊരു കേന്ദ്രാവഗണന.

പത്താം ധനകാര്യകമ്മിഷന്റെ ശിപാര്‍ശയില്‍ നിന്ന്‌ പതിഞ്ചാം ധനകാര്യകമ്മിഷന്റെ ശിപാര്‍ശയില്‍ എത്തുമ്പോള്‍ കേരളത്തിനു കിട്ടുന്ന വിഹിതം നേര്‍പകുതിയായി. പതിനഞ്ചാം ധനകാര്യകമ്മിഷന്റെ നികുതിവിഭജനത്തിലെ പാളിച്ചയാണ്‌ സംസ്‌ഥാനത്തിന്‌ ഇത്ര വലിയ തിരിച്ചടിയുണ്ടാക്കിയത്‌.


എ.ജിയുടെ കണക്കനുസരിച്ച്‌, കേന്ദ്രവിഹിതം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിനാണ്‌. അവര്‍ക്ക്‌ ഇതുവരെ 69,041 കോടി രൂപ കേന്ദ്രവിഹിതമായി കിട്ടി. സംസ്‌ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ 35.7%. കേരളത്തിനാകട്ടെ, 10,029 കോടി രൂപ മാത്രമാണ്‌ കിട്ടിയത്‌. സംസ്‌ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ 18 ശതമാനമേയുള്ളൂ ഇത്‌. ബാക്കി 82% കേരളം തനതു വരുമാനത്തിലൂടെ കണ്ടെത്തണമെന്നു സാരം.

പശ്‌ചിമബംഗാളിന്‌- 43,778 കോടി രൂപ (റവന്യു വരുമാനത്തിന്റെ 49.4 %), ബിഹാറിന്‌ 26,439 കോടി (42.8 %), രാജസ്‌ഥാന്‌ 36,968 കോടി( 40.8%,) ആന്ധ്രയ്‌ക്ക്‌-33,018 കോടി (40.2%), ഒഡീഷ-28,144 കോടി (36.3 %), പഞ്ചാബ്‌-12,955 കോടി (33.8 %), ഗുജറാത്ത്‌-31,816 കോടി (30.1%), തമിഴ്‌നാട്‌-29,113 കോടി (26.1%) എന്നിങ്ങനെ പോകുന്നു കേന്ദ്രവിഹിത കണക്കുകള്‍.

സെപ്‌റ്റംബറിലെ എ.ജിയുടെ കണക്കുകള്‍ പുറത്തുവന്നശേഷം ഈ മാസം ഏഴിന്‌ നവംബറിലെ നികുതിവിഹിതം കേന്ദ്രം അനുവദിച്ചിരുന്നു. ഇതില്‍ കേരളത്തിന്‌ കിട്ടിയത്‌ 14.4.50 കോടി രൂപയാണ്‌. ജനസംഖ്യ കുറവുള്ള ഛത്തീസ്‌ഗഡിനു പോലും 2485.79 കോടി രൂപ കിട്ടിയപ്പോഴാണിത്‌. ആന്ധ്രാപ്രദേശിന്‌ 2952.74 കോടിയും ഗുജറാത്തിന്‌ 2537.59 കോടിയും ബിഹാറിന്‌ 7338.44 കോടിയും കിട്ടി. ഒഡീഷയ്‌ക്ക്‌ 3303.69 കോടി, തമിഴ്‌നാടിന്‌ 2,976.10 കോടി, പശ്‌ചിമബംഗാളിന്‌ 5,488.88 കോടി എന്നിങ്ങനെയാണ്‌ കിട്ടിയതിന്റെ കണക്ക്‌. ഉത്തര്‍പ്രദേശിനു ലഭിച്ചതാകട്ടെ, 13,088.51 കോടി രൂപ.

കര്‍ണ്ണാടക ഒഴികെയുള്ള സംസ്‌ഥാനങ്ങളുടെ റവന്യുവരുമാനത്തില്‍ 35 മുതല്‍ ഏകദേശം 50ശതമാനം വരെ കേന്ദ്രവിഹിതത്തിന്‌ സ്‌ഥാനമുള്ളപ്പോഴാണ്‌ കേരളത്തില്‍ വെറും പതിനെട്ട്‌ ശതമാനം. ഈ കാലയളവില്‍ കേരളത്തിനുണ്ടായ ആകെ റവന്യു വരുമാനം 45,540 കോടി രൂപയാണ്‌. ഇതില്‍ 38509 കോടി രൂപയും സംസ്‌ഥാനത്തിന്റെ തനതു സമാഹരണമാണ്‌. കേന്ദ്ര നികുതിവിഹിതമായി 5588 കോടി രൂപയും ഗ്രാന്റായി 4441 കോടി രൂപയുമാണ്‌ ആകെ കിട്ടിയത്‌. സമാനസ്‌ഥിതിയാണ്‌ കര്‍ണാടകയും നേരിടുന്നത്‌.

അവര്‍ക്ക്‌ ഈ കാലയളവില്‍ കേന്ദ്ര കൈമാറ്റത്തിലൂടെ ലഭിച്ചത്‌ വെറും 15,766 കോടി രൂപ. റവന്യുവരുമാനത്തിന്റെ 15%. ചെലവിന്റെ 85% മാണ്‌ അവര്‍ കണ്ടെത്തേണ്ടിവരുന്നത്‌.
ജി.എസ്‌.ടി നടപ്പാക്കിയപ്പോള്‍ അഞ്ചുവര്‍ഷത്തേക്കാണ്‌ നഷ്‌ടപരിഹാരം നിശ്‌ചയിച്ചിരുന്നത്‌. ബാലാരിഷ്‌ടതകള്‍ മാറാത്തതുകൊണ്ട്‌ നഷ്‌ടപരിഹാരം നീട്ടണമെന്നാണ്‌ മിക്ക സംസ്‌ഥാനങ്ങളുടെയും ആവശ്യം. എന്നാല്‍, നിയമപ്രകാരം നികുതിപിരിവില്‍ 14%ന്റെ വളര്‍ച്ചയുണ്ടായാല്‍ നഷ്‌ടപരിഹാരം ലഭിക്കില്ല. ഇപ്പോള്‍ കേരളത്തിന്റെ ജി.എസ്‌.ടി പിരിവില്‍ 21%ന്റെ വര്‍ധനയുണ്ടെന്നാണ്‌ വകുപ്പ്‌ അവകാശപ്പെടുന്നത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker