കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു; ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി ഐസൊലേഷന്‍ വാര്‍ഡില്‍
ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ഐസൊലേഷന്‍ വാര്‍ഡിലാണെന്നാണ് വിവരം. പക്ഷെ ഏതു ജില്ലയിലാണ് ചികിത്സയിലുള്ളതെന്നു വ്യക്തമല്ല. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ച് പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വിവരം നല്‍കി. പിന്നാലെയാണ് കേന്ദ്ര മന്ത്രാലയം കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയുടെ സ്ഥിരീകരണമുണ്ടായിട്ടില്ല.
നിലവില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ ആരോഗ്യം വീണ്ടെടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു. പെണ്‍കുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലം കിട്ടിയിട്ടില്ല. ഇവരുടെ സ്രവത്തിന്റെ പുതിയ സാമ്പിളുകള്‍ പൂനയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതുവരെ മറ്റാര്‍ക്കും രോഗബാധയില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിച്ച് സംസ്ഥാനത്ത് ആകെ 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങള്‍ കണ്ട 22 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.