പൗരത്വനിയമഭേദഗതി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്
തിരുവനന്തപുരം: ഒരു പൗരനെപ്പോലും തടങ്കല്‍പാളയത്തിലേക്ക് അയക്കാന്‍ അനുവദിക്കില്ല, പൗരത്വനിയമഭേദഗതി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
പൗരത്വനിയമത്തിനെതിരായ എസ്ഡിപിഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ, ഡല്‍ഹി ജുമാമസ്ജിദില്‍ വച്ച് നല്‍കിയ വാഗ്ദാനം താന്‍ ആവര്‍ത്തിക്കുന്നു. ഈ കരിനിയമം ഉപേക്ഷിക്കും വരെ, സര്‍ക്കാര്‍ മാപ്പുപറയും വരെ നമ്മള്‍ പോരാട്ടം തുടരും.
രാജ്യത്തിന്റെ കാവല്‍ക്കാരനായി നമ്മള്‍ ഒരാളെ വച്ചു. ഇന്ന് അയാള്‍ യജമാനനായ ജനത്തോടു ചോദിക്കുന്നു, നിങ്ങള്‍ ഇവിടത്തെ പൗരനാണോ എന്ന്. ഭരണഘടന നിലനില്‍ക്കുന്നിടത്തോളം ജനങ്ങള്‍ക്കിടയില്‍ സാഹോദര്യം നിലനില്‍ക്കുന്നിടത്തോളം സിഎഎ നടപ്പാക്കാനാവില്ല.
സര്‍ക്കാര്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭയക്കുകയാണനെന്നും ആസാദ് പറഞ്ഞു. സിഎഎക്കെതിരായ കേരളത്തിന്റെ വികാരം താന്‍ മനസിലാക്കുന്നുവെന്നും അതിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാനാണ് എത്തിയതെന്നും ആസാദ് വ്യക്തമാക്കി.