അരുന്ധതി റോയ് കടുത്ത മദ്യപാനിയും തലയ്ക്ക് വെളിവില്ലാത്ത സ്ത്രീയുമാണ്, എട്ടു മണി കഴിഞ്ഞാല്‍ ബോധമില്ലാതാകും; വിവാദ പരാമര്‍ശവുമായി അഡ്വ. ജയശങ്കര്‍
കൊച്ചി: പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അഡ്വ.എ.ജയശങ്കറിനെതിരെ വ്യാപക പ്രതിഷേധം. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് ലോക പ്രശസ്ത എഴുത്തുകാരിയായ അരുന്ധതി റോയിക്കെതിരെ ജയശങ്കര്‍ അതിരു കടന്ന പരാമര്‍ശം നടത്തിയത്.
അരുന്ധതി റോയ് നല്ലയാളാണ്, കടുത്ത മദ്യപാനിയും തലയ്ക്ക് വെളിവില്ലാത്ത സ്ത്രീയുമാണ്. എട്ടു മണി കഴിഞ്ഞാല്‍ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീ ആണെന്നായിരുന്നു ജയശങ്കറിന്റെ കടുത്ത പരാമര്‍ശം.
ഗാന്ധിജിയുടെ നവജീവന്‍ പ്രസിദ്ധീകരണത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ച് കേരള സാഹിത്യോത്സവത്തില്‍ അരുന്ധതി റോയിയുടെ പരാമര്‍ശത്തെ അധികരിച്ച് സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തിനാണ് ജയശങ്കറിന്റെ അതിരുകടന്ന പരാമര്‍ശം. പ്രസ്താവന അധികരിച്ചുള്ള ചോദ്യത്തിന് എവിടെ എങ്കിലും കേട്ടത് ഇത്തരത്തില്‍ എടുത്ത് വിലയിരുത്തുന്നത് ശരിയല്ല എന്ന് ജയശങ്കര്‍ മറുപടി നല്‍കി. ഇത് അരുന്ധതി റോയിയുടെ പ്രസ്താവന ആണെന്ന് ചോദ്യകര്‍ത്താവ് മറുപടി നല്‍കിയപ്പോഴാണ് അരുന്ധതി റോയിക്കെതിരെ കടുത്ത പരാമര്‍ശം ഉയര്‍ത്തി ജയശങ്കര്‍ മറുപടി നല്‍കിയത്. ജയശങ്കറിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കമ്മീഷണര്‍ക്ക് പരാതി നല്‍കി.