സൂക്ഷിക്കുക… കൊറോണയെ പ്രതിരോധിക്കാനുള്ള സുരക്ഷാ ടിപ്‌സ് എന്ന പേരില്‍ പ്രചരിക്കുന്നത് മാല്‍വെയറുകള്‍! മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിഭാഗം
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ ടിപ്‌സ്
എന്ന വ്യാജേന മാല്‍വെയറുകള്‍ പ്രചരിക്കുന്നതായി സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും ഇവയെ പ്രതിരോധിക്കാനുള്ള ടിപ്‌സുകളും എന്ന പേരിലാണ് മാല്‍വെയര്‍ ഫയലുകള്‍ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാ ഗവേഷകര്‍. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അന്തര്‍ദേശിയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കൊറോണ വൈറസിനെക്കുറിച്ചുള്ള പിഡിഎഫ്, എംപി 4, ഡോക്സ് ഫയലുകള്‍ എന്നിവയുടെ മറവില്‍ ഇത്തരം മാല്‍വെയറുകള്‍ വ്യാപകമായി പരത്തുന്നതായാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്‍സ്‌കിയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. കൊറോണ വൈറസില്‍ നിന്ന് എങ്ങനെ പരിരക്ഷിക്കപ്പെടാം എന്നതിനെക്കുറിച്ചുള്ള വിഡിയോ നിര്‍ദ്ദേശങ്ങള്‍, ഭീഷണിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍, വൈറസ് കണ്ടെത്തല്‍ നടപടിക്രമങ്ങള്‍ എന്നീ പേരുകളിലാണ് ഫയലുകള്‍ പ്രചരിക്കുന്നത്. ഇത് ഓണ്‍ലൈന്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അധികൃതര്‍ നല്‍കുന്ന വിവരം. ആദ്യത്തെ മാല്‍വെയര്‍ കണ്ടെത്തിയത് ഐബിഎം എക്സ്-ഫോഴ്‌സ് ത്രെറ്റ് ഇന്റലിജന്‍സ് ആണ്. പിന്നീട് വിവിധ രാജ്യങ്ങളില്‍ ഇത്തരം കേസുകള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത്തരം മാല്‍വെയറുകള്‍ ഡേറ്റ നശിപ്പിക്കാനും നെറ്റ്‌വര്‍ക്ക് തടയാനും പരിഷ്‌കരിക്കാനും പകര്‍ത്താനും കഴിവുള്ളവയാണ്. അതുപോലെ തന്നെ കംപ്യൂട്ടറുകളുടെയോ നെറ്റ്‌വര്‍ക്കുകളുടെയോ പ്രവര്‍ത്തനത്തില്‍ ഇടപെടാനും കഴിയും.