മഹാദേവ് വാതുവെപ്പ് കേസ്: ബോളിവുഡ് നടൻ സഹില്‍ ഖാൻ അറസ്റ്റില്‍

മുംബൈ: മഹാദേവ് വാതുവെപ്പ് കേസില്‍ ബോളിവുഡ് നടൻ സഹില്‍ ഖാൻ അറസ്റ്റില്‍. കേസില്‍ മുൻകൂർ ജാമ്യം തേടി സഹില്‍ ഖാൻ സമർപ്പിച്ച ഹർജി മുംബൈ ഹൈക്കാേടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

മുംബൈ പൊലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘമാണ് താരത്തെ ചത്തീസ്ഗഢില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്.ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ പോയ സഹിലിനെ 40 മണിക്കൂർ നീണ്ട തിരച്ചിലിനെടുവിലാണ് പിടികൂടിയത്. മുംബൈയിലെത്തിക്കുന്ന നടനെ കോടതിയില്‍ ഹാജരാക്കും. സ്റ്റൈല്‍, എക്സ്ക്യൂസ് മീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഹില്‍ ഖാൻ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ്.

ഛത്തീസ്ഗഡിലെ ചില സാമ്ബത്തിക, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവെപ്പ് ആപ്പിൻ്റെ പ്രമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകള്‍ സംബന്ധിച്ച്‌ പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞവർഷം മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ രണ്‍ബീർ കപുറും ശ്രദ്ധാ കപുറും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി നിർദേശിച്ചിരുന്നു. ഛത്തീസ്ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ, രവി ഉപ്പല്‍ എന്നിവർ ചേർന്ന് ദുബായില്‍നിന്ന് പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News