26.3 C
Kottayam
Monday, May 13, 2024

സഞ്ജു പുറത്തുതന്നെ, ഋഷഭ് പന്തും കെ.എൽ. രാഹുലും ട്വന്റി20 ലോകകപ്പ് കളിക്കും; ബിസിസിഐ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്‌

Must read

മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ടീമിലുണ്ടാകില്ലെന്നാണു പുറത്തുവരുന്ന വിവരം. വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തിനെയും കെ.എല്‍. രാഹുലിനെയും കളിപ്പിക്കാനാണു ബിസിസിഐയുടെ നീക്കമെന്നു വിവരം ലഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 2024 ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണു സഞ്ജു സാംസണ്‍ നടത്തുന്നത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തില്‍ താരം അര്‍ധ സെഞ്ചറി നേടിയിരുന്നു.

71 റണ്‍സുമായി പുറത്താകാതെനിന്ന സഞ്ജു രാജസ്ഥാനെ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയത്തിലെത്തിച്ചു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് ഉള്ളത്. ടീം സിലക്ഷനുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ സിലക്ടര്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നടത്തിക്കഴിഞ്ഞു. മേയ് ഒന്നിനു മുന്‍പ് ട്വന്റി20 ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കണമെന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ദേശം.

ഓള്‍റൗണ്ടറായി ശിവം ദുബെ ടീമിലെത്തുമെന്നാണു ബിസിസിഐ വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെടിക്കെട്ട് ബാറ്ററാണ് ദുബെ. ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ വിരാട് കോലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് സഞ്ജുവുള്ളത്. ഒന്‍പതു മത്സരങ്ങളില്‍നിന്ന് 385 റണ്‍സ് താരം നേടിയിട്ടുണ്ട്. നാല് അര്‍ധ സെഞ്ചറികളാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സീസണില്‍ അടിച്ചെടുത്തത്.

വാഹനാപകടത്തിലെ പരുക്കുകള്‍ മാറി ഐപിഎല്‍ കളിക്കാനിറങ്ങിയ ഋഷഭ് പന്തും മികച്ച ഫോമിലാണുള്ളത്. 10 മത്സരങ്ങള്‍ കളിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ഇതുവരെ 371 റണ്‍സെടുത്തിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. യുഎസിലും വെസ്റ്റിന്‍ഡീസിലുമായാണു ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week