KeralaNews

മഞ്ജു വാര്യർ എന്ത് പിഴച്ചു? കെഎസ് ഹരിഹരന്റെ അധിക്ഷേപം കേരളത്തോടുള്ള വെല്ലുവിളിയെന്ന് ഡിവൈഎഫ്ഐ; നിയമനടപടി

കോഴിക്കോട്: ആർ എം പി നേതാവ് കെഎസ് ഹരിഹരന്‍ വടകരയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വടകരയിൽ യു ഡി എഫും ആർ എം പിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെഎസ് ഹരിഹരന്റെ വിവാദ പരാമർശം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, കെകെ രമ എംഎല്‍ എ എന്നിവരും വേദിയിലുണ്ടായിരുന്നു.

‘ ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.”- എന്നായിരുന്നു ഹരിഹരന്‍ പറഞ്ഞത്. ഇതോടെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്നത്. വടകരയിൽ യുഡിഎഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് ഇന്ന് യു ഡി എഫ് – ആർ എം പി നേതാവ് ഹരിഹരൻ നടത്തിയതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു.

മര്യാദയുടെ സകല സീമകളും ലംഘിച്ച് ഒരു തെരഞ്ഞെടുപ്പ് കാലം വടകരയിൽ വർഗ്ഗീയ – സ്ത്രീ വിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യു ഡി എഫ് ജാള്യത മറക്കാനായി നടത്തിയ പരിപാടി പോലും അതിലേറെ സ്ത്രീ വിരുദ്ധ സമ്മേളനമായാണ് അവസാനിച്ചത്. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ എം പി – യു ഡി എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗം.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവ്വഹിച്ച ഷാഫി പറമ്പിൽ അനുകൂല പരിപാടിയിലാണ് ഇത്രയും ഹീനമായ സ്ത്രീ വിരുദ്ധമായ പ്രസ്താവന ഉണ്ടായിരിക്കുന്നത്. കെ കെ രമ എം എൽ എയുടെ സാനിധ്യത്തിലാണ് ആർ എം പി നേതാവ് ഇത്രയും വൃത്തികെട്ട നിലയിൽ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്. കെ കെ രമ ഇതിനോട് പ്രതികരിക്കേണ്ടതായുണ്ട്. ശൈലജടീച്ചറെയും മഞ്ചു വാര്യരെയും അപമാനിച്ച ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, പരാമർശത്തിൽ മാപ്പ് പറഞ്ഞ് ആർഎംപി നേതാവ് കെഎസ് ഹരിഹരന്‍ രംഗത്ത് വന്നു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഹരിഹരൻ്റെ മാപ്പപേക്ഷ. തെറ്റായ പരാമർശം നടത്തിയതിൽ ഖേദിക്കുന്നു എന്നാണ് അദ്ദേഹത്തിൻ്റെ പോസ്റ്റ്. ‘ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തക.രും എൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു.’ കെഎസ് ഹരിഹരന്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button