‘ചന്തു’ എന്ന് പരിചയപ്പെടുത്തി, യഥാര്‍ത്ഥ പേര് ‘സന്ധ്യ’; ആണായി നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 27കാരി അറസ്റ്റില്‍. തിരുവനന്തപുരം അരുവിക്കുഴി സ്വദേശിനി സന്ധ്യ (27) ആണ് അറസ്റ്റിലായത്. ആണാണെന്ന് പരിചയപ്പെടുത്തി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്. ആലപ്പുഴ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സന്ധ്യ കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയെന്നാണ് കേസ്.

‘ചന്തു’ എന്ന വ്യാജ പേരിലുള്ള അക്കൗണ്ട് വഴിയാണ് പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കിയത്. സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെണ്‍കുട്ടികളുടെ സ്വകാര്യ വിഷമങ്ങള്‍ ഇത്തരം ഇടങ്ങളില്‍ തുറന്നുപറയാന്‍ പ്രേരിപ്പിച്ചാണ് സന്ധ്യ ഇവരുമായി അടുപ്പമുണ്ടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. മെസഞ്ചര്‍ വഴിയാണ് പെണ്‍ക്കുട്ടികളെ ബന്ധപ്പെട്ടിരുന്നത്. വൈഫൈ ഉപയോഗിച്ച് ലാപ്‌ടോപ്പിലൂടെ മാത്രമായിരുന്നു സന്ധ്യ മെസഞ്ചര്‍ ഉപയോഗിച്ചിരുന്നത്.

ഒമ്പത് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് യഥാര്‍ഥ പേരും ഫോണ്‍ നമ്പറും കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണവും സന്ധ്യ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു.

പോലീസ് പിടികൂടുന്നതു വരെയും ഒപ്പമുള്ളത് സ്ത്രീയാണെന്നു പെണ്‍ക്കുട്ടിക്ക് മനസ്സിലായിരുന്നില്ല. 2016ല്‍ 14 വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു സന്ധ്യക്കെതിരെ രണ്ട് പോക്‌സോ കേസുകള്‍ നിലവിലുണ്ട്. ഇതിനുപുറമേ അടിപിടിക്കേസും ഇവരുടെ പേരിലുണ്ട്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് സന്ധ്യ. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ തൃശൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News