EntertainmentKeralaNews

ഷോട്ട് ആവുമ്പോ മുഖത്ത് നോക്കി ചിരിച്ചഭിനയിക്കും… ഷോട്ട് കഴിഞ്ഞാൽ മുഖം വീർപ്പിക്കും. ‘85 ലക്ഷത്തിന്റെ ബാധ്യത, മനുഷ്യായുസ്സിന് താങ്ങാവുന്നതിലധികം ഭാരം വീട്ടിയ ലളിതാമ്മ’

കൊച്ചി:കെപിഎസി ലളിതയുടെ ജന്മദിനത്തിന് നടി ലക്ഷ്മിപ്രിയ എഴുതിയ കുറിപ്പ് ആണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. തന്റെയും ലളിതാമ്മയുടെയും പിറന്നാളിന് ഒരുദിവസത്തെ അകലം മാത്രമേ ഒള്ളൂവെന്നും ജീവിതം കൊണ്ടും തന്നെ വിസ്മയിപ്പിച്ച മഹാനടിയാണ് അവരെന്നും ലക്ഷ്മിപ്രിയ പറയുന്നു.

കുറിപ്പിൻ്റെ പൂർണ്ണരൂപമിങ്ങനെ:

ലളിതാമ്മയുടെ, കെപിഎസി ലളിതയുടെ പിറന്നാൾ. ഞങ്ങളുടെ പിറന്നാളുകൾ തമ്മിൽ ഒരു ദിവസത്തെ അകലമേ ഉളളൂ. മാർച്ച്‌ 11ന് സത്യൻ അങ്കിളിന്റെ സിനിമയുടെ സെറ്റിൽ എന്റെ രണ്ട് പിറന്നാളുകൾക്ക് കേക്ക് കട്ട്‌ ചെയ്തിട്ടുണ്ട്. ‘കഥ തുടരുന്നു’ എന്ന സിനിമ കോഴിക്കോട് നടക്കുമ്പോൾ വെളുപ്പിന് ലളിതാമ്മ എന്റെ വാതിലിൽ മുട്ടുന്നു. ‘ഹാപ്പി ബർത്ത് ഡേ ഡാ. ഇത് ഒരു മുണ്ടും നേര്യതുമാണ്‌ , ഞാൻ ഒറ്റത്തവണ ഉടുത്തത്. അതെങ്ങനാ ഇന്നലെ രാത്രീലല്യോ നീ പറഞ്ഞത് നിന്റെ പൊറന്നാൾ ആണെന്ന്. ഞാമ്പിന്നെ എന്തോ ചെയ്യും?’…പിറന്നാൾ നേരത്തേ അറിയിക്കാഞ്ഞതിനാലും സമ്മാനം പുതിയതല്ലാത്തതിനാലുമുള്ള പരിഭവം.

ഓറഞ്ചു കരയും കസവുമുള്ള മുണ്ടും നേര്യതും കയ്യിൽ വാങ്ങി കാൽതൊട്ട് നമസ്ക്കരിച്ചു ഞാൻ. നെറുകയിൽ ചുംബിച്ച് എണീപ്പിച്ചനുഗ്രഹിച്ചു. ‘നീ വേഗം കുളിച്ച് ഇതുടുത്തു വാ നമുക്ക് തളീലമ്പലത്തിൽ പോകാം’. അനുസരിച്ചു മാത്രേ ശീലമുള്ളു. പോയി. ആ വയ്യാത്ത കാലും വച്ച് എന്റെ പേരിൽ വഴിപാട് കഴിച്ച് പ്രദക്ഷിണം വച്ചിറങ്ങുമ്പോഴാണ് പറയുന്നത് ‘നീ മാർച്ച് 11, ഞാൻ 10. ഇന്നലെ ആയിരുന്നു എന്റെ’… അപ്പൊ മാത്രമാണ് ഞാൻ ആരുമറിയാതെ കഴിഞ്ഞു പോയ പിറന്നാൾ അറിയുന്നത്. ഒരു അർച്ചന പോലും നടത്തിയില്ല…. വൈകിട്ട് കേക്ക് രണ്ടാളും ചേർന്നു മുറിച്ചു..

പേരോർമ്മ ഇല്ലാത്ത ഒരു സീരിയലിന്റെ സെറ്റിൽ മറ്റൊരു കസേരയിൽ കാൽ നീട്ടിയിരുന്നു സാറാ ജോസഫിന്റെ പുസ്തകം വായിക്കുന്നതാണ് എന്റെ ആദ്യ ലളിതാമ്മ കാഴ്ച. ജീവിച്ച് മതിയാവാത്ത തറവാട്ടിലേക്ക് തിരിച്ചു വരുന്നതുപോലെയാണ് സത്യൻ അങ്കിളിന്റെ സെറ്റ്. ആ ഇടനെഞ്ചിലേക്ക് എന്നെ ചേർത്തു മുറുക്കിയ മാതൃഭാവം! അവിടെ തുടങ്ങി, പിന്നെ എത്ര എത്ര ഓർമ്മകൾ? ലളിതാമ്മ കാരണം ആണ് ഞാൻ തിരുവനന്തപുരത്ത് നിന്നും തൃശൂർക്ക് ഷിഫ്റ്റ്‌ ചെയ്യുന്നത്. തിരുവമ്പാടി അമ്പലത്തിനു മുന്നിലെ അപ്പാർട്ട്മെന്റിനു അഡ്വാൻസ് കൊടുത്തത് ആ കൈകൾക്കൊണ്ടാണ്. ആ അനുഗ്രഹം ആവണം നാല് മാസം കൊണ്ട് പുത്തൻ വീട്ടിലേക്ക് ഞങ്ങൾ മാറി. പൂജ മുറിയിൽ ഭഗവതി ഇരിക്കുന്ന മന്ദിരം അമ്മയുടെ സമ്മാനം. അവിടുത്തെ പൂജാമുറിയിൽ വയ്ക്കാൻ ഞാൻ അനന്ത പദ്മനാഭനെക്കൊണ്ട് കൊടുത്തു.

ഒരുമിച്ച് സിനിമയ്ക്ക് പോകുന്നത്, ഷോപ്പിങിന് പോകുന്നത് അമ്മയ്ക്ക് ഹോസ്പിറ്റലിൽ കൂട്ട് പോകുന്നത്, വടക്കാഞ്ചേരി വീട്ടിൽ ഇരുന്ന് തേങ്ങ അരച്ച അയലയും മാങ്ങയും വിളമ്പുന്നത് എന്റെ മൂക്ക് കുത്തിച്ചത് അങ്ങനെ എത്ര എത്ര ഓർമ്മകൾ……

കുറച്ചു നാൾ മുൻപ് അകാരണമായി ദിവസങ്ങളോളം എന്നെ ചീത്ത പറഞ്ഞതിന്റെ പേരിൽ ഞങ്ങൾ പിണങ്ങി. മോളി ആന്റി റോക്ക്സ് ഒക്കെ അഭിനയിക്കുമ്പോ ഞങ്ങൾ തമ്മിൽ മിണ്ടുകയില്ല. ഷോട്ട് ആവുമ്പോ മുഖത്ത് നോക്കി ചിരിച്ചഭിനയിക്കും. ഷോട്ട് കഴിഞ്ഞാൽ മുഖം വീർപ്പിക്കും. പിന്നെ പിണക്കം മറന്നു ചിരിച്ചു.

കെപിഎസി ലളിത എന്ന വ്യക്തി അവരുടെ ജീവിതം കൊണ്ടും എന്നെ വിസ്മയിപ്പിച്ച മഹാനടിയാണ്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഭർത്താവ് വരുത്തി വച്ച 85 ലക്ഷം രൂപയുടെ കട ബാധ്യതയും പേറി ഇരുട്ടിലേക്ക് നോക്കി നിന്ന ഇടത്തിൽ നിന്നും തിരിച്ചു നടന്ന് ഇതുവരെ എത്തി അടയാളം പതിപ്പിച്ചരങ്ങൊഴിഞ്ഞതിൽ!

ഒരു മനുഷ്യായുസ്സിന് താങ്ങാവുന്നതിലധികം ഭാരം വീട്ടി, തൊടിയിൽ അങ്ങേ അറ്റത്ത് മതിലിനോട് ചേർന്ന് ഇത്തിരി മണ്ണിലെചിതയിൽ എരിഞ്ഞടങ്ങിയതിൽ!!

പിറന്നാൾ ആശംസകൾ ലളിതാമ്മേ , പ്രണാമം…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker