നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ് കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയിലാണ് വാദം കേള്‍ക്കുന്നത്. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യമാക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. കുറ്റപത്രത്തിന്‍മേലുള്ള പ്രതിഭാഗത്തെ പ്രാരംഭവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്. പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികള്‍ പരിശോധിച്ചിരുന്നു. ദിലീപിനു പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കായിരുന്നു കോടതി പ്രോസിക്യൂഷന്‍ സാന്നിധ്യത്തില്‍ ദൃശ്യം പരിശോധിക്കാന്‍ അനുവാദം നല്‍കിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
അതേസമയം ലൊക്കേഷനില്‍ അഭിനയിക്കാനെത്തുന്ന നടിമാര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഇത് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്നും സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി വൈകീട്ട് നാലോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തൊഴില്‍ പ്രശ്‌നങ്ങളെപ്പറ്റി പ്രതികരിക്കുന്നതിന്റെ പേരില്‍ നടിമാരെ സിനിമകളില്‍ നിന്ന് അകറ്റി നിറുത്തുന്നത് കലയോടുള്ള അവഹേളനമാണെന്നും റിപ്പോര്‍ട്ടിലുള്ളതായി അറിയുന്നു.