CrimeEntertainmentKeralaNews

നടിയെ ആക്രമിച്ച കേസിൽ കാവ്യയും കുടുങ്ങും? ഈ തെളിവുകൾ പുറത്ത്, ഓഡിയോ കുരുക്കിൽ താരദമ്പതികൾ

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റേത് സംശയിക്കുന്ന തരത്തിലുള്ള ഒരു ഓഡിയോ ക്ലിപ്പ് ഒരു പ്രമുഖചാനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദിലീപിനെ കൂടുതൽ കുരുക്കുലേക്ക് വിടുന്ന തരത്തിൽ ഉള്ള സംഭാഷണശകലങ്ങൾ ആണ് ആ ഓഡിയോ ക്ലിപ്പിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഇതാ ദിലീപ് നടത്തിയെന്ന പേരില്‍ ചാനൽ പുറത്ത് വിട്ട ഓഡിയോ സംഭാഷണങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തു വന്നിരിക്കുകയാണ്.

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കാര്യങ്ങള്‍ വളരെ നേരത്തെ മുതല്‍ തന്നെ ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. പുറത്ത് വന്ന തെളിവുകള്‍ കോടതിയിലെത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.

കേസിന് ആസ്പദമായ അക്രമം നടന്ന 2017 മുതല്‍ നമ്മളൊക്കെ പറഞ്ഞ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പിൽ ഉള്ളത്. പള്‍സർ സുനിയുമായി എത്രയൊക്കെ ബന്ധമില്ലെന്ന് ദിലീപ് പറഞ്ഞാലും അദ്ദേഹത്തിന് അയാളുമായി അടുത്ത ബന്ധമുണ്ടെന്ന് നമ്മള്‍ പലപ്രാവശ്യം പറഞ്ഞിരുന്നു.

പള്‍സർ സുനി ലൊക്കേഷനില്‍ വെച്ച് ദിലീപിനെ നിരന്തരം കണ്ടിരുന്നു. പൊലീസ് തന്നെ ഇക്കാര്യം കണ്ട് പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇല്ലാ.. ഇല്ലാ.. എന്നായിരുന്നു ചാനലിലും സോഷ്യല്‍ മീഡിയയിലും ഇരുന്നുകൊണ്ട് കുറേ ആളുകള്‍ ദിലീപിനെ വെള്ളപൂശാന്‍ വേണ്ടി പറഞ്ഞുകൊണ്ടിരുന്നത്. സിനിമ മേഖലയ്ക്ക് അകത്ത് നിന്ന് തന്നെ ദിലീപിന് വേണ്ടി ഒരു വലിയ വിഭാഗം മുന്നോട്ട് വന്നിരുന്നു. എന്തൊക്കെ സംഭവിച്ചാലും, എന്തൊക്കെ പിന്തുണ ഉണ്ടെങ്കിലും സത്യം ഒരിക്കല്‍ പുറത്ത് വരും എന്നത് വ്യക്തമാണ്.

ബാലചന്ദ്രകുമാർ ഒരിക്കല്‍ എന്നേയും വിളിച്ചിരുന്നു. അദ്ദേഹം വളരെ വ്യക്തതയോടെയാണ് കാര്യങ്ങള്‍ പറയുന്നുണ്ട്. ദിലീപുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അദ്ദേഹം. എന്തായാലും ശരി ഈ സംഭവത്തിന് കാവ്യയുമായി ബന്ധമുണ്ട്. , കാവ്യക്ക് ഇതേകുറിച്ച് അറിയാം. ദിലീപാണ് ഈ ക്രൈം ചെയ്തതെന്ന് അനിയന്‍ പറയുന്നത്. പള്‍സർ സുനിക്ക് ഈ കാശ് വന്ന് വാങ്ങിയാല്‍ പോരായിരുന്നോ എന്ന് പറയുന്നതൊക്കെ വ്യക്തമായ തെളിവുകളാണെന്ന് ബൈജു പറഞ്ഞു. ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഓഡിയോ അനുസരിച്ചാണെങ്കില്‍ ആ വാക്കുകള്‍ പോകുന്നത് കാവ്യാ മാധവനിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. ആ ഓഡിയോയില്‍ അത് വ്യക്തമായി പറയുന്നുണ്ട്. ആ ഓഡിയോ ഒന്ന് കേട്ട് നോക്കാമെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. കാവ്യയുടെ പേര് പറയുന്നില്ലെന്നേയുള്ളു. അന്ന് പൊലീസ് കാവ്യയേയും ഏറെ സംശയിച്ചിരുന്നതാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

കാവ്യ മാധവന്റെ സ്ഥാപനത്തില്‍ കയറി പൊലീസ് പരിശോധന നടത്തുകയും സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്ത് തെളിവുകള്‍ നശിപ്പിച്ചാലും എന്തെങ്കിലുമൊക്കെ അവശേഷിക്കും എന്നുള്ളതിന്റെ വ്യക്തമായ ഉദാഹരമാണ് ഇതന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. ദിലീപിനെ രക്ഷിക്കാന്‍ ശ്രമിച്ചവരൊക്കെ ഇത് അറിയണം. ഈ സമൂഹത്തില്‍ ഒരു സ്ത്രീയെ ഇത്രമാത്രം അപമാനിച്ച്, അവരെ ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങളൊക്കെ ചെയ്യുകയും, ഈ സിനിമ വ്യവസായം തന്റെ കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി വ്യത്തികെട്ട പരിപാടികള്‍ ചെയ്ത ആളാണ് ദിലീപ്. അയാൾക്ക് ലഭിച്ച തിരിച്ചടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സംഭാഷണമെന്നും ബൈജു പറഞ്ഞു. തീർച്ചയായും ഈ സംഭാഷണങ്ങള്‍ കോടതിയില്‍ പോവണം. കേസിന്റെ തെളിവുകളോടൊപ്പം പുറത്ത് വന്ന മുഴുവന്‍ ഓഡിയോ ക്ലിപ്പും ചേർത്ത് വെക്കണം എന്നുള്ളതാണ് എന്റെ ആവശ്യമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ശബ്ദ രേഖ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളാണ്.
അതിൽ ദിലീപ് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് :”ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ ഞാന്‍ രക്ഷിച്ച് കൊണ്ടു പോയതാണ്, കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്ന് ഒരാള്‍ പറയുമ്പോള്‍ ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയുകയാണ്. പള്‍സര്‍ സുനിക്ക് ഒന്നരക്കോടി കൊടുക്കുമായിരുന്നവെന്നാണ് ഇതില്‍ പറയുന്നത്. ‘ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ പറയുന്ന മറ്റൊരു ഓഡിയോയും പുറത്ത് വന്നിരിക്കുകയാണ്. ഒരു ദിവസം നടന്ന പല സംഭാഷണങ്ങളില്‍ ചിലതാണ് പുറത്ത് വന്നത്. ഈ വെളിപ്പെടുത്തലുകള്‍ എല്ലാം കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker