ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് താരമായതിന് പിന്നാലെ ആള്‍ ദൈവമെന്ന വാദവുമായി യുവതി

കുടുംബപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് താരമായതിന് പിന്നാലെ ആള്‍ ദൈവമെന്ന വാദവുമായി യുവതി. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് സ്വദേശി അന്ന പൂര്‍ണിയാണ് (Annapoorani arasu amma) ദൈവത്തിന്‍റെ പുതിയ രൂപമെന്ന അവകാശവാദവുമായി എത്തിയത്. ഇവരെ കാണാനും ആശീര്‍വാദം തേടാനുമായി നിരവധിപ്പേരെത്തിയതിന് പിന്നാലെ അന്നപൂര്‍ണി സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇവരുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം തേടുന്ന വീഡിയോയും അനുഗ്രഹം നല്‍കുന്നതുമായ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പട്ടുസാരിയുടുത്ത് മാലകള്‍ അണിഞ്ഞ് പീഠത്തിലിരിക്കുന്ന യുവതിയുടെ കാല്‍ക്കല്‍ വീണ് കരഞ്ഞ് അനുഗ്രഹം തേടുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സീ തമിഴില്‍ സംപ്രേക്ഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇവര്‍ ആദ്യം ജനശ്രദ്ധ നേടിയത്.  നിരവധി അവാര്‍ഡുകള്‍ നേടിയ നടിയായ ലക്ഷ്മി രാമകൃഷ്ണന്‍ ആയിരുന്നു ഈ പരിപാടിയുടെ അവതാരക. കുടുംബസ്ഥനായ ഒരാളുടെ ഒപ്പം ബന്ധം പുലര്‍ത്തിയെന്നതിനെ തുടര്‍ന്നാണ് അന്നപൂര്‍ണി സൊല്‍വതെല്ലാം ഉണ്‍മൈ എന്ന ഈ ഷോയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കെടുക്കുന്നത്.

ഇതിന് പിന്നാലെ അടുത്തിടെയാണ്   ആദി പരാശക്തിയുടെ അവതാരമാണ് താനെന്ന അവകാശവാദവുമായി അന്നപൂര്‍ണി വീണ്ടുമെത്തുന്നത്. തമിഴ്നാട്ടിലെ ചെങ്കല്‍ പേട്ടില്‍ ജനുവരി ഒന്നിന് പ്രഖ്യാപിച്ചിരിക്കുന്ന അന്നപൂര്‍ണി അമ്മ അരുള്‍വാക്ക് എന്ന പരിപാടിക്ക് എതിരായി തമിഴ്നാട് പൊലീസ് ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ അന്നപൂര്‍ണി ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളും വൈറലായിട്ടുണ്ട്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News