ഹൃദയഭേദകം, ജനമനസ്സുകളിൽ വിനേഷ് ഫോഗട്ട് യഥാർഥ ചാമ്പ്യനായി തുടരും- മമ്മൂട്ടി
കൊച്ചി:ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ വേദനിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയറിയിച്ച് സിനിമലോകം. ജനമനസ്സുകളിൽ വിനേഷ് യഥാർഥ ചാമ്പ്യനായി തുടരുമെന്ന് നടൻ മമ്മൂട്ടി കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
‘വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയെക്കുറിച്ച് കേൾക്കുന്നത് ഹൃദയഭേദകമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ അവൾ ഒരു യഥാർഥ ചാമ്പ്യനായി തുടരും. അവരുടെ സഹിഷ്ണുതയും അർപ്പണബോധവും നേട്ടങ്ങളും നമ്മളെ എല്ലാവരെയും പ്രചോദിപ്പിക്കും. വിനേഷ്, നിങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും’, മമ്മൂട്ടി കുറിച്ചു.
അതേസമയം, ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് ഗുസ്തിയിൽ 50 കി.ഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അവർ അയോഗ്യയാക്കപ്പെട്ടിരുന്നു.
സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.
അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരേ വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയിയിരുന്നു. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ ഇടക്കാല ഉത്തരവ് പ്രതീക്ഷിക്കുന്നതിനിടെയാണ് അവർ വിരമിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.