കഠിനമായ വീഴ്ചകളിലും ചാമ്പ്യന്മാർ ഉയിർത്തെഴുന്നേൽക്കും, വിനേഷ് യഥാർഥ പോരാളി: മോഹൻലാൽ
കൊച്ചി:ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ വേദനിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയറിയിച്ച് സിനിമലോകം. വിനേഷ് യഥാർഥ പോരാളിയാണെന്നും രാജ്യം താരത്തിനൊപ്പമാണെന്നും നടൻ മോഹൻലാൽ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
‘ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയിർത്തെഴുന്നേല്ക്കുന്നു. നിങ്ങളൊരു യഥാർഥ പോരാളിയാണ്. നിങ്ങളുടെ തിരിച്ചുവരവ് എപ്പോഴത്തെക്കാളും ശക്തമായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നു’, മോഹൻലാൽ കുറിച്ചു.
അതേസമയം, ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് ഗുസ്തിയിൽ 50 കി.ഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അവർ അയോഗ്യയാക്കപ്പെട്ടിരുന്നു.
സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.
അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരേ വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയിയിരുന്നു. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ ഇടക്കാല ഉത്തരവ് പ്രതീക്ഷിക്കുന്നതിനിടെയാണ് അവർ വിരമിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.