ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവി; സുരേഷ് ഗോപി താല്‍പര്യമില്ലായ്മ അമിത് ഷായെ അറിയിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് സിനിമാതാരവും എം.പിയുമായ സുരേഷ്ഗോപി ഇല്ലെന്ന് സൂചനകള്‍. സുരേഷ്ഗോപി ഇക്കാര്യം ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷായെ നേരിട്ട് അറിയിച്ചതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം താരവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ട പ്രമുഖ കേരള നേതാക്കന്മാരുടെ പേരില്‍ സുരേഷ്ഗോപി ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതോടെയാണ് താരത്തിന് സംസ്ഥാന അദ്ധ്യക്ഷ പദവിയോ കേന്ദ്രമന്ത്രി സ്ഥാനമോ നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ തനിക്ക് പദവിയില്‍ താല്‍പ്പര്യമില്ലെന്ന് താരം തന്നെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
അതേസമയം അടുത്ത മന്ത്രിസഭാ പുന:സംഘടനയില്‍ കേന്ദ്രമന്ത്രിസഭയിലേക്ക് താരത്തെ പരിഗണിക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് താല്‍ക്കാലികമായി അവധി നല്‍കി താരം സിനിമാ, ടെലിവിഷന്‍ ഷോകള്‍ എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലാണ്. എംപി കൂടിയായ അദ്ദേഹം അമിത്ഷായെ കാണാന്‍ ഡല്‍ഹിയിലേക്ക് പോയത് സിനിമയുടെ സെറ്റില്‍ നിന്നുമായിരുന്നു.