റഷ്യന്‍ ചാനലുകളെ തടഞ്ഞ് യുട്യൂബ്; നിയന്ത്രണം ആഗോള വ്യാപകമായി
ഓക്ലാന്‍ഡ്: റഷ്യന്‍ സര്‍ക്കാര്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യൂട്യൂബ്. യുക്രൈന്‍ അധിനിവേശത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയന്ത്രണം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് യുട്യൂബ് അറിയിച്ചു.
റഷ്യന്‍ സ്റ്റേറ്റ് ഫണ്ടഡ് മീഡിയ ചാനലുകളായ ആര്‍ടി, സ്പുട്‌നിക് എന്നിവയുള്‍പ്പെടെയുള്ള ചാനലുകള്‍ക്കാണ് നിയന്ത്രണം ബാധകമാകുന്നത്. ആര്‍ടിയുടെ പ്രധാന യൂട്യൂബ് ചാനലിന് 4.5 ദശലക്ഷത്തിലേറെയും സ്പുട്‌നിക്കിന് ഏകദേശം 3.20 ലക്ഷത്തോളവും സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. നിയന്ത്രണ നടപടികള്‍ വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും യൂട്യൂബ് അറിയിച്ചു.
നേരത്തെ റഷ്യന്‍ സര്‍ക്കാരിന്റെ യുട്യൂബ് ചാനലുകളില്‍ നിന്നുള്ള പരസ്യ ധനസമ്പാദനവും യുട്യൂബ് താത്കാലികമായി നിര്‍ത്തിയിരുന്നു. യൂറോപ്പിലെ ഉപയോക്താക്കള്‍ക്ക് മാത്രം കഴിഞ്ഞ ആഴ്ച യൂട്യൂബ് റഷ്യന്‍ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രൈനില്‍ റഷ്യയുമായി യുദ്ധം ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. നാറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധമാണ്. മൂന്നാം ലോകമഹായുദ്ധം വന്നാല്‍ നാറ്റോയ്ക്ക് വേണ്ടി പോരാടുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
ഞങ്ങളുടെ പിന്തുണ യുക്രെയ്നിന് നല്‍കുമ്പോള്‍, യൂറോപ്പിലെ സഖ്യകക്ഷികളുമായി ഒരുമിച്ച് നില്‍ക്കുന്നത് തുടരുകയും ചെയ്യും. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. നാറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധമാണ്. അത് തടയാന്‍ നമ്മള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ഫിലാഡല്‍ഫിയയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. റഷ്യയ്ക്കെതിരായ അധിക ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചു. റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങളും പ്രഖ്യാപിക്കാന്‍ പോകുന്ന പുതിയ നടപടികളും ബൈഡന്‍ വിശദീകരിച്ചു. ഇരുനേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം 49 മിനിറ്റ് നീണ്ടു നിന്നു.
സിവിലിയന്‍ ജനതയ്ക്കെതിരായ റഷ്യയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയിക്കുകയും റഷ്യക്കെതിരായ ഉപരോധം വര്‍ധിപ്പിക്കുന്നതിനുമുള്ള തുടര്‍ നടപടികളും ചര്‍ച്ച ചെയ്തതായി സെലെന്‍സ്‌കി അറിയിച്ചു. യുദ്ധഭൂമിയിലെ സ്ഥിതിഗതികളുടെ വിലയിരുത്തല്‍ ബൈഡന് നല്‍കിയതായും യുക്രെയ്ന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.