NationalNews

വനിത സംവരണം: 2010ല്‍ യുപിഎ കൊണ്ടുവന്ന ബില്ലില്‍ ഒബിസി ക്വാട്ടയുണ്ടായില്ല, ഖേദമറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2010ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വനിതാ സംവരണ ബില്ലില്‍ ഒബിസി ക്വാട്ട ഇല്ലാതിരുന്നതില്‍ ഖേദമുണ്ടെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ”100% ഖേദമുണ്ട്, ഇത് അന്ന് ചെയ്യേണ്ടതായിരുന്നു, എങ്കില്‍ ഇന്നത് യാഥാര്‍ത്ഥ്യമാകുമായിരുന്നു.” 13 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം എടുത്ത തീരുമാനത്തില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പറഞ്ഞു.

വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിലെ കാലതാമസത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും കഴിഞ്ഞു മതിയെന്ന് പറയുന്നത് ഒരു ‘വ്യതിചലന തന്ത്രം’ ആണെന്നും ജാതി സെന്‍സസില്‍ നിന്ന് എല്ലാവരുടെയും ശ്രദ്ധ തിരിക്കുന്നതിനുള്ള തന്ത്രമാണിതെന്നും പറഞ്ഞു.

”വനിതാ സംവരണ ബില്‍ മഹത്തരമാണ്. പക്ഷേ, അതിനുമുന്‍പ് സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും നടപ്പാക്കേണ്ടതുണ്ടെന്നാണ് അറിഞ്ഞത്. ഇതിന് വര്‍ഷങ്ങളെടുക്കും. സംവരണം ഇന്നുതന്നെ നടപ്പാക്കാന്‍ കഴിയുമെന്നതാണ് സത്യം. ഇത് സങ്കീര്‍ണമായ ഒരു കാര്യമല്ല. പക്ഷേ, സര്‍ക്കാര്‍ അതിന് ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ ഇത് രാജ്യത്തിന് മുന്‍പില്‍ അവതരിപ്പിച്ചു. പക്ഷേ, പത്തുവര്‍ഷം കഴിഞ്ഞേ നടപ്പിലാക്കൂ. ഇത് നടപ്പാക്കുമോ എന്നത് ആര്‍ക്കുമറിയില്ല. ഇത് ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ഒരു തന്ത്രമാണ്,” രാഹുല്‍ പറഞ്ഞു.

‘താന്‍ ഒരു ഒബിസി നേതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നു, എന്തുകൊണ്ടാണ് മൂന്ന് ഒബിസികള്‍ മാത്രം സര്‍ക്കാരിന്റെ ഭാഗമാകുന്നു, അദ്ദേഹത്തില്‍ നിന്ന് വിശദീകരിണം ആഗ്രഹിക്കുന്നു? എന്തുകൊണ്ടാണ് ഈ രാജ്യത്തിന്റെ നട്ടെല്ലായ ഒബിസി സമൂഹം ബജറ്റിന്റെ 5% മാത്രമാകുന്നത് ? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ”സത്യത്തില്‍, ഞാന്‍ ഇത് പറയുമ്പോള്‍, അവരുടെ മുഖത്ത് പരിഭ്രാന്തി ഞാന്‍ കണ്ടു. ഇതാണ് അവര്‍ ഇന്ത്യയുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വനിതാ സംവരണ ബിൽ പാസാക്കിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി ആസ്ഥാനത്ത് നേതാക്കളും അണികളും സ്വീകരണമൊരുക്കി. ബിജെപി ആസ്ഥാനത്തെത്തിയ മോദിക്ക് വനിതാ പ്രവർത്തകർ ഹാരമണിയിച്ചു. ഹർഷാരവങ്ങളോടെയാണ് അണികൾ മോദിയെ സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും നിർമ്മലാ സീതാരാമനും ഉൾപ്പെടെയുള്ളവരും വേദിയിലുണ്ടായിരുന്നു. പാർലമെന്റ് ചരിത്രം കുറിച്ചുവെന്ന് മോദി പറഞ്ഞു. ഓരോ സ്ത്രീയുടെയും ആത്മവിശ്വാസം വാനോളം ഉയർത്താനായി. ബിജെപിക്ക് ഇത് അഭിമാനകരമായ നേട്ടമാണെന്നും മോദി പറഞ്ഞു. ഇന്നലെ വനിതാ എംപിമാരും മോദിക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു. 

പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ വനിതാ സംവരണ ബില്ല് ഉടൻ രാഷ്ട്രപതിക്കയക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.  ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയിലും പാസായത്. രാജ്യസഭയിൽ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി ബില്ല് അയക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ബില്ലിൽ  സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. അതേസമയം, വനിത വോട്ടർമാർക്കിടയിലേക്കിറങ്ങി ബില്ല് വിശദീകരിക്കാൻ ബിജെപി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യസഭയിൽ 215 പേരാണ് ബില്ലിനെ അനുകൂലിച്ചത്. എന്നാൽ ആരും എതിർത്തില്ല. കഴിഞ്ഞ ദിവസം ബില്ല് ലോക്സഭയിലും പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും ചർച്ചക്കിടെ മോ​ദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചു. 

ബില്ലുമായി ബന്ധപ്പെട്ടുള്ള ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാർ എന്നിവരുടെ ഭേദഗതി നിർദ്ദേശങ്ങൾ തള്ളുകയായിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിർദ്ദേശമാണ് തള്ളിയത്. അതേസമയം, പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കിയതായാണ് റിപ്പോർട്ട്. ഒരു ദിവസം മുമ്പേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker