വൈക്കത്ത് ആംബുലന്‍സ് അപകടത്തിപ്പെട്ട് യുവതി മരിച്ചു

വൈക്കം: കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. തലയോലപറമ്പ് മേഴ്‌സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി തലയോലപറമ്പ് വടയാര്‍ കോരിക്കല്‍ സ്വദേശിനി സനജ(35)യാണ് മരിച്ചത്.

ആംബുലന്‍സിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തു ചിറ ജെസി (50), വൈക്കം ടിവി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചു വീണ സനജയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേര്‍ന്ന് ഉടന്‍ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ചു.

ഗുരുതരമായി പരിക്കേറ്റ സനജയെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നു രാവിലെ ഒന്‍പതോടെ വൈക്കം വലിയകവലയ്ക്കു സമീപം വൈപ്പിന്‍ പടിയിലായിരുന്നു അപകടം. പണിമുടക്കായിരുന്നതിനാല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലായിരുന്നു അപകടം. വൈക്കം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.