ബൂസ്റ്റര്‍ ഡോസായി ഏത് വാക്‌സിന്‍ ലഭിക്കും? തീരുമാനം ഇന്നറിയാം
ന്യൂഡല്‍ഹി: ഏത് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കണമെന്ന് തീരുമാനിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. പരിഗണനാ പട്ടികയില്‍ ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനേസല്‍ വാക്‌സിനും ഉണ്ട്. വ്യത്യസ്ത വാക്സിനായിരിക്കും ബൂസ്റ്റര്‍ ഡോസായി നല്‍കുക എന്ന് വന്നാല്‍ ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനേസല്‍, ബയോളജിക്കല്‍ ഇ യുടെ കൊര്‍ബെ, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവൊവാക്സ്, ജെന്നോവ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ സിന്റെ എം ആര്‍എന്‍എ എന്നീ വാക്‌സിനുകളാണ് പരിഗണനയില്‍.
ഡിസിജിഐയുടെ വിദഗ്ധ സമിതി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചെന്നും മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമൈക്രോണാണെന്നും ടാസ്‌ക് ഫോഴ്‌സ് തലവന്‍ എന്‍എന്‍ അറോറ വ്യക്തമാക്കി. വാക്‌സിനേഷന്‍ ആരംഭിച്ച ഇന്നലെ 40 ലക്ഷം കൗമാരക്കാര്‍ ആദ്യ ഡോസ് സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
അതിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 40,000ലേക്കും ആകെ ഒമൈക്രോണ്‍ കേസുകള്‍ 1900 ലേക്കും അടുത്തു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,160 കോവിഡ് കേസുകളും 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. 578 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.