അരവിന്ദ് കെജരിവാളിന് കൊവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കിയത്. ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് അദ്ദേഹം ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 40,000ലേക്കും ആകെ ഒമൈക്രോണ്‍ കേസുകള്‍ 1900 ലേക്കും അടുത്തു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,160 കോവിഡ് കേസുകളും 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. 578 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം കേരളത്തില്‍ ഒമിക്രോണ്‍, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചര്‍ച്ച ചെയ്യും. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിന്‍വലിച്ചിരുന്നു.എന്നാല്‍ സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്നലെ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News