ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്ത് ചെയ്യും? ധ്യാനിന്റെ മറുപടി; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റേയും ചേട്ടന്‍ വിനീത് ശ്രീനിവാസന്റേയും പാതയിലൂടെയാണ് ധ്യാനും സിനിമയിലെത്തുന്നത്. ഇന്ന് മലയാള സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന് സ്വന്തമായൊരു ഇടമുണ്ട്. സിനിമയിലെ പ്രകടനത്തേക്കാള്‍ കൂടുതല്‍ ധ്യാന്‍ ശ്രീനിവാസന്റെ ഓഫ് സ്‌ക്രീന്‍ ജീവിതമാണ് മിക്കപ്പോഴും വാര്‍ത്തകൡ നിറയാറുള്ളത്.
ടെന്‍ഷനടിച്ചിരിക്കുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖം എടുത്ത് കണ്ടാല്‍ മതിയെന്നാണ് ആരാധകര്‍ പറയുന്നത്. കുറിക്ക് കൊളളുന്ന കൗണ്ടറുകളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശക്കഥകളുമൊക്കെയായി ആളുകളെ കൈയിലെടുക്കാന്‍ മിടുക്കനാണ് ധ്യാന്‍ ശ്രീനിവാസന്‍. അതുകൊണ്ട് തന്നെ ധ്യാനിന്റെ ഇന്റര്‍വ്യുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്.
തന്റെ തുറന്ന സംസാര രീതി ധ്യാനിനെ പലപ്പോഴും വിവാദത്തിലും കൊണ്ട് ചാടിച്ചിട്ടുണ്ട്. പിന്നീട് ഇതിന്റെ പേരില്‍ ധ്യാനിന് മാപ്പ് ചോദിക്കേണ്ടി വരിക പോലുമുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ധ്യാനിന്റെ പുതിയൊരു അഭിമുഖവും ചര്‍ച്ചയായി മാറുകയാണ്. വെറൈറ്റി മീഡിയ യൂട്യൂബ് ചാനലിന് ധ്യാന്‍ നല്‍കിയ അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. അഭിമുഖത്തില്‍ ധ്യാന്‍ നേരിടേണ്ടി വന്നൊരു ചോദ്യവും അതിനുളള മറുപടിയുമാണ് ചര്‍ച്ചയാകുന്നത്.
പുതിയ സിനിമയായ ഖാലി പേഴ്‌സിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു അഭിമുഖം നടന്നത്. ധ്യാനിനൊപ്പം നടന്‍ സോഹന്‍ സീനുലാലും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. അഭിമുഖത്തിന്റെ ഭാഗമായി അവതാരക ഓരോ താരങ്ങളുടെ പേര് പറയുകയും അവര്‍ മുന്നിലൂടെ നടന്നു പോവുകയാണെങ്കില്‍ എന്തായാരിക്കും തോന്നുക എന്ന് പറയാനും ധ്യാനിനോട് ആവശ്യപ്പെടുകയായിരുന്നു. ധ്യാനിന്റെ അടുത്ത സുഹൃത്ത് കൂടിയായ ബേസില്‍ മുന്നില്‍ കൂടി പോയാല്‍ എന്തുവിചാരിക്കും എന്നായിരുന്നു ആദ്യം ചോദിച്ചത്.
ഇതിന് അങ്ങനെ അങ്ങ് പോകട്ടെ എന്ന് വിചാരിക്കുമെന്നാണ് ധ്യാന്‍ മറുപടി നല്‍കിയത്. അജു വര്‍ഗീസ് പാസ് ചെയ്താല്‍ എന്തുതോന്നും എന്ന് ചോദിച്ചപ്പോള്‍ ആണുങ്ങള്‍ പാസ് ചെയ്ത് പോയാല്‍ എന്ത് തോന്നാന്‍, വെല്ല പെണ്‍കുട്ടികളുടെ കാര്യം ചോദിക്കാന്‍ ധ്യാന്‍ പറയുകയായിരുന്നു. ഇതോടെ അവതാരക നിത്യ മേനോന്‍ എന്ന് പറയുകയായിരുന്നു. തുടര്‍ന്ന്, നിത്യ മേനോനോട് പാസ് ചെയ്ത് പോകരുത് എന്ന് പറയുമെന്ന് ധ്യാന്‍ മറുപടി നല്‍കി.
അടുത്തതായി നവ്യ നായരെയാണ് അവതാരക പറഞ്ഞത്. ഇത്തവണ മറുപടി നല്‍കിയത് സോഹന്‍ സീനുലാല്‍ ആയിരുന്നു. നവ്യയോട് പെട്ടെന്ന് പാസ് ചെയ്ത് പൊക്കോളൂ എന്ന് പറയുമെന്നാണ് സോഹന്‍ സിനുലാല്‍ പറഞ്ഞത്. ഞാനും അതേ പറയൂ എന്നും ഇല്ലേല്‍ ചീത്തപ്പേരാകുമെന്ന് പറയുമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നേരത്തെ ധ്യാന്‍ തനിക്ക് നവ്യയോട് ക്രഷ് തോന്നിയിരുന്നുവെന്ന് കുട്ടിക്കാലത്ത് പറഞ്ഞ വീഡിയോ വൈറലായിരുന്നു.
പിന്നാലെ നടി ഹണി റോസിന്റെ പേര് പറയുകയായിരുന്നു. ഹണി റോസിന്റെ പേര് പറഞ്ഞപ്പോള്‍ അവിടെ തന്നെ നില്‍ക്കാന്‍ പറയുമെന്നാണ് സോഹന്‍ സീനുലാല്‍ നല്‍കിയ മറുപടി. ഉടനെ, അവിടെ നിന്നോ, ഞങ്ങള്‍ പാസ് ചെയ്ത് പൊക്കോളാമെന്ന് പറയുമെന്ന് ധ്യാനും പറഞ്ഞു. അതേസമയം, അത് അവരോടുള്ള റെസ്പെക്ട് കൊണ്ടാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ധ്യാനിന്റെ മറുപടി കേട്ടതും അവതാരക പൊട്ടിച്ചിരിക്കുകയാണ്. ഇതോടെ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്നും എല്ലാം മോശമായിട്ടാണോ കാണുന്നതെന്നും സോഹന്‍ ചോദിക്കുകയാണ് വീഡിയോയില്‍.
അധികം വൈകാതെ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അവതാരകയുടെ ചോദ്യവും നിത്യ മേനോന്റേയും ഹണി റോസിന്റേയും പേരുകള്‍ പറഞ്ഞതും ധ്യാനിന്റെ മറുപടിയും അതിനോടുള്ള പ്രതികരണവുമൊക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്. നടിമാരെ പറ്റി ഇത്തരം ചോദ്യങ്ങളാണോ ചോദിക്കുന്നതെന്നും ഹണി റോസെന്ന് പറയുമ്പോള്‍ എന്തിനാണ് അവതാരക ഇങ്ങനെ ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അതേസമയം ഖാലി പേഴ്സ് ഓഫ് ബില്യണിയേഴ്സാണ് ധ്യാനിന്റെ പുതിയ ചിത്രം. മാക്സ്വെല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം ജനുവരി 10നാണ് റിലീസ് ചെയ്തത്. അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, തന്‍വി റാം, ലെന, രമേശ് പിഷാരടി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിരവധി സിനിമകള്‍ ധ്യാനിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.