അമൃത ലവ് ഓഫ് മൈ ലൈഫ് ആണ്; ഇവിടെ എത്ര പേർക്ക് സ്വന്തം മൊബൈൽ ഭാര്യയുടെ കയ്യിൽ കൊടുക്കാൻ പറ്റും!, ഗോപി സുന്ദർ
കൊച്ചി:മലയാളികൾക്ക് ഏറെ സുപരിചിതരായ രണ്ടു താരങ്ങളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. കഴിഞ്ഞ വർഷമാണ് ഇരുവരും പ്രണയത്തിലായതും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചതും. തങ്ങളുടെ പുതിയ ജീവിതം ആഘോഷിക്കുകയാണ് താരങ്ങൾ ഇപ്പോൾ. അപ്രതീക്ഷിതമായിട്ടാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന പ്രഖ്യാപനം നടത്തിയത്.
അതുകൊണ്ട് തന്നെ ഇക്കാര്യം എല്ലാവരേയും അത്ഭുതപ്പെടുത്തി. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം സിംഗിൾ മദറായി മകളാണ് ലോകമെന്ന് പറഞ്ഞ് കഴിയുകയായിരുന്നു അമൃത സുരേഷ്. അമൃതയെ ഡിവോഴ്സ് ചെയ്ത ശേഷം ബാല രണ്ടാമത് വിവാഹിതനായപ്പോൾ അമൃതയും വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങണം എന്ന അഭിപ്രായവുമായി രംഗത്ത് എത്തിയിരുന്നു.
ബാലയുമായുള്ള ബന്ധത്തിൽ ഒരു മകളാണ് അമൃതയ്ക്കുള്ളത്. ഗോപി സുന്ദറും മുൻപ് വിവാഹിതനാണ്. ആ ബന്ധത്തിൽ രണ്ട് ആൺമക്കളും ഗോപി സുന്ദറിനുണ്ട്. പ്രിയ എന്നാണ് ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുടെ പേര്. പ്രിയയുമായി വേർപിരിഞ്ഞ ശേഷം ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു താരം.
പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു ഇരുവരും. അതിനു ശേഷമാണ് പിരിഞ്ഞത്. ആ ബന്ധം പിരിഞ്ഞതിന് ശേഷമാണു അമൃതയുമായി ഗോപി സുന്ദർ പ്രണയത്തിലായത്. ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഇവർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം അവഗണിച്ച് സന്തോഷപൂർവ്വമായ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും.
അതിനിടെ യുബിഎൽ ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരങ്ങൾ. അഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് ഗോപി സുന്ദർ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. പരസ്‌പരം മനസിലാക്കലാണ് പ്രണയമെന്നാണ് ഗോപി സുന്ദർ പറയുന്നത്. വിശദമായി വായിക്കാം.
‘അമൃതയെ എന്റെ ലവ് ഓഫ് മൈ ലൈഫ് ആണെന്നൊക്കെ പറയാം. പ്രണയം ഒരു പ്രത്യേക തരം സംഭവമാണ്. പ്രണയം ഒരു നയമാണ്. പ്രണയത്തിന്റെ ഡെഫിനിഷൻ പറയുകയാണെങ്കിൽ പരസ്‌പരം മനസിലാക്കലാണ് പ്രണയം. ഒരാൾ എങ്ങനെയാണോ അതുപോലെ അംഗീകരിക്കലാണ് പ്രണയം. നമ്മുക്ക് നമ്മളെ സ്നേഹിക്കാൻ കഴിയുന്നിടത് കൂടിയാണ് യഥാർത്ഥ പ്രണയം ഉണ്ടാവുന്നത്,’
‘പ്രണയത്തിൽ അഭിനയിക്കാതെയിരിക്കാൻ പറ്റണം. ഇത് കാണുന്ന എത്ര പേർക്ക് സ്വന്തം മൊബൈൽ ഭാര്യയുടെ കയ്യിൽ കൊടുക്കാൻ പറ്റും. ഇന്നാ പിടിച്ചോ കൊണ്ടുപോയ്ക്കോ എന്ന് പറയാൻ പറ്റണം. ഒരാൾ നമ്മുടെ കൂടെ ഉണ്ടെന്ന തോന്നലില്ലാതെ നമ്മുക്ക് ഫ്രീയായിട്ട് ഇരിക്കാൻ പറ്റണം. ഞാൻ കണ്ടിട്ടുള്ള ഒട്ടു മിക്ക ആണുങ്ങൾക്കും വീടിനു പുറത്ത് ഒരു സ്വഭാവവും അകത്ത് മറ്റൊരു സ്വഭാവവും ആയിരിക്കും,’
‘എവിടെയോ എങ്ങനെയൊക്കെയോ അഭിനയിച്ചു കൊണ്ടാണ് ഇരിക്കുന്നത്. അതിപ്പോൾ ഒരു അവിഹിത ബന്ധം കൊണ്ടാവണമെന്ന് മാത്രമില്ല. അത് എന്ത് കാരണങ്ങൾ കൊണ്ടും ആവാം. ചിലപ്പോൾ പ്രൊഫഷണലായ കാര്യമാകാം, സാമ്പത്തികമാകാം, അമ്മായോ സഹോദരി സഹോദരന്മാരായിട്ടോ ഉള്ള സംസാരങ്ങൾ ആവാം. അങ്ങനെ എന്തും ആവാം,’
‘അങ്ങനെ പലതും മറച്ചു വെച്ചിട്ടാകും പലരും നിക്കുന്നത്. അതൊക്കെ മാറ്റി തുറന്നു ജീവിക്കാൻ കഴിയണം. നമുക്ക് നമ്മളായിട്ട് ജീവിക്കാൻ കഴിയിലെങ്കിൽ പിന്നെ എന്തിനാണ് ഈ ജീവിതം. ഒന്നിലും സമൂഹത്തെ നോക്കേണ്ട കാര്യമില്ല. നമ്മൾ പോകുമ്പോൾ നമ്മൾ മാത്രമല്ലേ പോകുന്നുള്ളൂ. സമൂഹം മുഴുവൻ ഇല്ലാതാവുന്നില്ലല്ലോ,’
‘നമ്മൾ നമ്മളെ സ്നേഹിച്ചാലേ നമ്മുക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയു. അതിനൊക്കെ ശേഷമേ സൊസൈറ്റി ഉള്ളു,’ ഗോപി സുന്ദർ പറഞ്ഞു.
ഗോപി സുന്ദറിനെ ഒറ്റ വാക്കിൽ വിശദീകരിക്കാൻ പറഞ്ഞപ്പോൾ ‘ഹാപ്പിനെസ്’ എന്നായിരുന്നു അമൃത പറഞ്ഞത്. ‘എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാം മാറി എനിക്ക് സമാധാനം ലഭിച്ച പോലത്തെ അവസ്ഥയാണ് ഇപ്പോൾ,’ അമൃത പറഞ്ഞു. തനിക്ക് അഭിനയിക്കാനുള്ള ആഗ്രഹമുണ്ടെന്നും ആക്ടിങ് കോഴ്‌സൊക്കെ ചെയ്തിട്ടുണ്ടെന്നും അമൃത അഭിമുഖത്തിൽ പറയുന്നുണ്ട്.