ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്! അപ്രതീക്ഷിത ആക്രമണം ഉണ്ടായത് ഡല്‍ഹി-ചെന്നൈ എക്‌സ്പ്രസിന് നേരെ

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.

ന്യൂഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ജിടി എക്‌സ്പ്രസിന് (ട്രെയിന്‍ നമ്പര്‍: 12616) നേരെയാണ് ആക്രമണമുണ്ടായത്. ആന്ധ്രയിലെ സിംഗരായകൊണ്ട മേഖലയിലൂടെ ട്രെയിന്‍ കടന്നുപോകവെ അക്രമികള്‍ എഞ്ചിന് നേരെ ഭാരമുള്ള വസ്തുക്കള്‍ എറിയുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ കല്ലേറിലാണ് സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എം. ജയറാമിന് പരിക്കേറ്റത്.

സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ അടുത്തുള്ള സ്റ്റേഷനില്‍ നിര്‍ത്തുകയും പരിക്കേറ്റ ജയറാമിനെ ഉടന്‍ തന്നെ റെയില്‍വേ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് റെയില്‍വേ മന്ത്രാലയം കാണുന്നത്. അക്രമികള്‍ക്കായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്) പ്രാദേശിക പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News