വിവാഹത്തോടെ നയന്‍സിന്റെ താരമൂല്യം ഇടിഞ്ഞു?ലേഡി സൂപ്പര്‍സ്റ്റാറിനെ ആർക്കും വേണ്ട, അടുത്ത സിനിമയിൽ നടിക്ക് അപ്രതീക്ഷിത നായകൻ
ചെന്നൈ:തെന്നിന്ത്യൻ സിനിയിലെ ഏറ്റവും താരമൂല്യമായുള്ള നായികമാരിൽ ഒരാളാണ് നയൻതാര. മലയാളത്തിൽ നിന്ന് തമിഴിലെത്തി അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിച്ച താരമാണ് നയൻതാര. സിനിമയുടെ വിജയം അതിലെ നായകന്മാരെ ആശ്രയിച്ചാണ് എന്ന് കരുതിയിരുന്ന കാലത്ത് ഒറ്റയ്ക്ക് ഒരു നായികയ്ക്കും സിനിമയെ സാമ്പത്തികമായി വിജയിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച നടിയാണ് നയൻസ്.
അതുകൊണ്ടാണ് തമിഴ് സിനിമാ ലോകം ലേഡി സൂപ്പർസ്റ്റാർ എന്ന് അവരെ വിളിച്ചതും. ഇന്ന് താരമൂല്യത്തിന്റെ കാര്യത്തിൽ പല നടൻമാരേക്കാളും മുന്നിലാണ് നയൻതാര. പല നായികമാരും സൂപ്പർ താര ചിത്രങ്ങളിലൂടെ നായികയായി പേരെടുത്തപ്പോൾ അല്ലാതെയും പേരെടുക്കാൻ കഴിഞ്ഞിടത്താണ് നയൻതാര വ്യത്യസ്തയാവുന്നത്.
2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന കൊച്ചു മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരുമ്പോൾ നയൻതാര എന്ന താരം ഇത്രയും ഉയർച്ചയിലേക്ക് എത്തുമെന്ന് ആരും കരുതിയിരുന്നില്ല. തമിഴിലും തെലുങ്കിലും പോയി ഗ്ലാമറസ് വേഷങ്ങൾ ചെയ്ത് വിമർശനത്തിന് ഇരയാകുമ്പോഴും ലേഡി സൂപ്പർ സ്റ്റാറായി നയൻതാരയെ സങ്കൽപ്പിക്കാൻ കൂടി ആവില്ലായിരുന്നു.
എടുത്ത് പറയത്തക്ക അഭിനയ മികവോ, നൃത്തത്തിലുള്ള പ്രാവീണ്യമോ ഇല്ലാതെ എത്തിയതാണ് നയൻതാര. ആ താരത്തിന് ഒരു നടിയെന്ന നിലയില്‍ എല്ലാ ഉയരങ്ങളും കീഴടക്കാന്‍ ഇപ്പോൾ സാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഇന്ന് നല്ലൊരു കുടുംബ ജീവിതവും താരത്തിനുണ്ട്. കാമുകനായിരുന്ന സംവിധായകൻ വിഘ്‌നേശ് ശിവനെ വിവാഹം കഴിച്ച നയൻസ് ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ്.
2022 ജൂണിലാണ് നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മില്‍ വിവാഹിതരാവുന്നത്. രണ്ട് മാസത്തിനുള്ളിൽ തന്നെ തങ്ങള്‍ മാതാപിതാക്കളായെന്ന് വാർത്തയും നയന്‍താരയും വിഘ്‌നേശും ലോകത്തോട് പങ്കുവയ്ക്കുകയായിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായത്. ഇരട്ട ആണ്‍കുട്ടികളാണ് ഇവർക്ക്.
അതേസമയം വ്യക്തി ജീവിതത്തിൽ ഏറ്റവും നല്ല നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴും കരിയറിൽ പ്രതിസന്ധികളിലൂടെയാണ് നയൻതാര കടന്നു പോകുന്നത്. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ അണിയറയിൽ ഒരുങ്ങുമ്പോഴും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് നയൻസ് കടന്നു പോകുന്നത്.
നയൻതാരയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളായ ഒ2, കണക്ട്, തുടങ്ങിയ സിനിമകൾ എല്ലാം പരാജയപ്പെട്ടതാണ് പ്രധാന കാരണം. അതിനിടെ ചില സിനിമകൾ കമ്മിറ്റ് ചെയ്‌തിരുന്നെങ്കിലും ചില കാരണങ്ങളാൽ ആ സമയത്ത് ചിത്രീകരണത്തിന് എത്താൻ കഴിയാത്തതിനാൽ നിർമ്മാതാകളിൽ നിന്ന് ലഭിച്ച അഡ്വാൻസ് തുക നയൻതാര തിരികെ നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്.
അതിനിടെ താരമൂല്യം ഇടിഞ്ഞ നയൻതാര, ഒരു അപ്രതീക്ഷിത നായകനും സംവിധായകനുമൊപ്പം അടുത്ത സിനിമയിൽ ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. രതകുമാർ സംവിധാനം ചെയ്യുന്ന ആടൈയിൽ നടി അമല പോളിനൊപ്പം നയൻതാര അഭിനയിക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്. രാഘവ ലോറൻസാണ് നായകൻ.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയുടെ സംഭാഷണം ഒരുക്കുന്ന രത്‌നകുമാർ, ആ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നയൻതാര – രാഘവ ലോറൻസ് ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം.
നിലവിൽ രാഘവ ലോറൻസ് ഇപ്പോൾ ‘ജിഗിർദണ്ഡ 2’, ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ്. ഇതുവരെ കോളിവുഡിൽ വിജയ്, അജിത്, വിജയ് സേതുപതി, തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം മാത്രം നായികയായി അഭിനയിച്ചിട്ടുള്ള നയൻതാര പ്രതിഫലം കുറച്ച് അഭിനയിക്കാൻ പോകുന്നു എന്നാണ് വിവരം.
യുവ നായികമാർക്കൊപ്പം അഭിനയിക്കുന്ന രാഘവ ലോറൻസിനൊപ്പം നയൻതാര എത്തുന്നത് അപ്രതീക്ഷിതമാണ്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.