ഡാമുകള്‍ നിറയും, നദികള്‍ കരകവിയും; ഇക്കുറിയും കാലവര്‍ഷം തകര്‍ത്തു പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറിയും കാലവര്‍ഷം തകര്‍ത്തു പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞവര്‍ഷത്തെ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ടുവര്‍ഷവും പ്രതീക്ഷകള്‍ തെറ്റിച്ച് തിമിര്‍ത്ത കാലവര്‍ഷം ആവര്‍ത്തിക്കാനും സാധ്യതയുണ്ട്.
പ്രളയം ഉണ്ടാകുന്ന തരത്തില്‍ മഴയുടെ ഭാവം മാറിയില്ലെങ്കിലും ഡാമുകള്‍ നിറയും. നദികള്‍ കരകവിഞ്ഞേക്കാം. കൊവിഡ് പോയാലും ഇല്ലെങ്കിലും കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മദ്ധ്യപൂര്‍വ്വ ശാന്തസമുദ്രനിരപ്പിലെ ഉഷ്മാവാണ് കേരളത്തില്‍ മഴയുടെ തോത് നിര്‍ണയിക്കുന്ന പ്രധാന ഘടകം. അവിടെ തണുപ്പാണ്. അതുകൊണ്ട് മഴമേഘങ്ങള്‍ക്ക് കട്ടികൂടും. ആ മേഘങ്ങള്‍ ഒഴുകിയെത്തുമ്‌ബോള്‍ പശ്ചിമഘട്ടം കടന്നുപോകില്ല. അവിടെ തട്ടി മഴയായി സംസ്ഥാനത്ത് പെയ്തിറങ്ങും.
സംസ്ഥാനത്ത് ഇക്കുറി വേനല്‍മഴ പകുതിപോലും കിട്ടിയില്ല. വേനല്‍മഴ മാര്‍ച്ച് 1 മുതല്‍ മേയ് 31വരെ കിട്ടേണ്ടത് 379.7 എം.എം ആണ്. കിട്ടിയത് 169.6 എം.എം മാത്രവും. 210.1മില്ലീമീറ്ററിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് സംസ്ഥാനത്ത് താപനില ഒന്നര മാസമായി കൂടുതലാണ്.
പകല്‍ 35 ഡിഗ്രിക്ക് താഴെ താപനിലയും രാത്രി താപനിലന 26ന് താഴെയും പോയിട്ടില്ല. അത് വായു ചൂടുപിടിക്കാനും വടക്കുപടിഞ്ഞാറന്‍ കാറ്റ് ഇവിടെ വീശിയടിക്കാനും ഇടയാക്കും. ഇതും നല്ല മഴയ്ക്ക് അനുകൂലഘടകമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.