KeralaNews

വരുന്നൂ… വന്ദേ ഭാരത് സ്ലീപ്പർ, രാജധാനിയെ വെല്ലും സൗകര്യങ്ങൾ

ന്യൂഡൽഹി: രാജ്യം കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പണിപ്പുരയിൽനിന്ന് ട്രാക്കിലേക്ക് കുതിച്ചെത്താനൊരുങ്ങുന്നു. രാജധാനി എക്സ്പ്രസിനേക്കാൾ സൗകര്യപ്രദമായ വന്ദേ ഭാരത് സ്ലീപ്പ‍ർ ട്രെയിൻ, ട്രയൽ റണ്ണിനായി ഓഗസ്റ്റ് 15ന് പുറത്തിറങ്ങിയേക്കും. റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. വന്ദേ ഭാരത് ചെയ‍ർ കാർ വേരിയൻ്റ് വിജയകരമായതോടെയാണ് ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് സ്ലീപ്പ‍ർ പുറത്തിറക്കുന്നത്.

ദീ‍ർഘദൂര യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകാനുള്ള ഉദ്ദേശ്യത്തോടെയാണ് റെയിൽവേ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കുന്നത്. ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) യും ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎൽ) ചേ‍ർന്നാണ് ട്രെയിൻ നിർമിക്കുന്നത്.

16 കോച്ചുകളോടു കൂടിയ വന്ദേ ഭാരത് സ്ലീപ്പ‍റിന് 823 യാത്രക്കാരെ വഹിക്കാനാകും. 11 എസി 3 ടെയ‍ർ കോച്ചുകളും നാല് എസി 2 ടെയ‍ർ കോച്ചുകളും ഫസ്റ്റ് എസി കോച്ചുമാണ് ട്രെയിനിൽ ഉള്ളത്. എസി 3 ടെയറിൽ 611 യാത്രക്കാരെയും എസി 2 ടെയറിൽ 188 യാത്രക്കാരെയും ഫസ്റ്റ് എസി കോച്ചിൽ 24 യാത്രക്കാരെയും വഹിക്കാനാകും. ട്രെയിനിൻ്റെ ബെ‍ർത്തിലെ കുഷ്യൻ രാജധാനി എക്സപ്രസിനേക്കാൾ മികച്ചതാണ്. മികച്ച യാത്രാ സുഖം ലഭ്യമാകാനായി ബെർത്തിൻ്റെ ഓരോ വശത്തെയും കുഷ്യൻ വളരെ മികവുറ്റതായാണ് ഒരുക്കിയിരിക്കുന്നത്.

ട്രെയിനിൻ്റെ ഉൾഭാഗത്ത് ക്രീം, മഞ്ഞ തുടങ്ങിയ നിറങ്ങളാണ് നൽകിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ കോവണി ആയതിനാൽ അപ്പ‍ർ, മിഡിൽ ബെർത്തുകളിലേക്ക് കയറാൻ അധികം ബുദ്ധിമുട്ടേണ്ടതില്ല. ട്രെയിനിൻ്റെ പൊതുയിടങ്ങളിൽ സെൻസർ കേന്ദ്രീകരിച്ചുള്ള ലൈറ്റ് സംവിധാനമാണ്. കൂടാതെ, വാതിലുകളും സെൻസ‍ർ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയുമാണ്. ഭിന്നശേഷിക്കാർക്കായി പ്രത്യേകം ബെർത്തുകളും ശുചിമുറികളും ട്രെയിനിലുണ്ട്. സുഗമവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കാൻ സെമി – പെർമനൻ്റ് കപ്ലറുകളാണ് വന്ദേ ഭാരത് സ്ലീപ്പറുകളിലും ഉപയോഗിച്ചിരിക്കുന്നത്. ട്രെയിനിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്.

സെക്കന്തരാബാദ് – പൂനെ റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ട്. നിലവിൽ ഈ റൂട്ടിലോടുന്ന ശതാബ്ദി എക്സ്പ്രസിന് പകരമാകും വന്ദേ ഭാരത് സ്ലീപ്പർ എന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. എട്ട് മണിക്കൂറും 25 മിനിറ്റും എടുത്താണ് ശതാബ്‌ദി എക്സ്പ്രസ് സെക്കന്തരാബാദിൽനിന്ന് പൂനെയിൽ എത്തിച്ചേരുന്നത്. വന്ദേ ഭാരത് സ്ലീപ്പർ റൂട്ട് ഏറ്റെടുക്കുന്നതോടെ യാത്രാ സമയം ഒരു മണിക്കൂറെങ്കിലും കുറയുമെന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker