2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഉണ്ണി മുകുന്ദന്‍? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
കൊച്ചി:2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് ബി ജെ പി. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി അറുപതോളം സീറ്റുകളാണ് സ്വപ്നം കാണുന്നത്. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ജനപ്രിയ സ്ഥാനാര്‍ത്ഥികളെ കൂടി രംഗത്തിറക്കിയാല്‍ മേഖലയില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. സിനിമ, കായിക രംഗങ്ങളിലെ സൂപ്പര്‍ താരങ്ങളെയും സാഹിത്യ, കലാ രംഗങ്ങളിലെ പ്രമുഖരെയുമാണ് ബി ജെ പി ഉന്നമിടുന്നത്.
ഹൈദരാബാദില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ ദക്ഷിണേന്ത്യയില്‍ സംഘ്പരിവാറിന് പുറത്തെ വോട്ടുകള്‍ കൂടി സമാഹരിക്കാനുള്ള നിര്‍ദേശമുയര്‍ന്നിരുന്നു. കേരളത്തില്‍ ആറ് മണ്ഡലങ്ങളിലാണ് ബി ജെ പി പ്രധാനമായും വിജയ സാധ്യത കാണുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, മാവേലിക്കര എന്നിവയാണ് ആ ആറ് മണ്ഡലങ്ങള്‍.
മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ കൊല്ലം, കാസര്‍കോട്, ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ടെന്നാണ് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. ആകെയുള്ള 20 മണ്ഡലങ്ങളില്‍ പകുതിയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മറുപകുതിയില്‍ പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറത്തേക്ക് ജനപ്രീതിയുള്ള സ്ഥാനാര്‍ഥികളേയും നിര്‍ത്താനാണ് ബി ജെ പി നീക്കമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുമായി ചില സൂപ്പര്‍താരങ്ങളെയും കായികതാരങ്ങളെയും ബി ജെ പി ഇതിനോടകം തന്നെ സമീപിച്ചിട്ടുണ്ട്. മത്സരിക്കുന്ന കാര്യത്തില്‍ ഒക്ടോബറോടെ തീരുമാനമറിയിക്കാനാണ് അവരോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മത്സരിച്ചേക്കും.
എന്ത് വിലകൊടുത്തും ഇത്തവണ തിരുവനന്തപുരം പിടിക്കണമെന്നുറപ്പിച്ചാണ് ബി ജെ പിയുടെ നീക്കം. 2019 ലെ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനായിരുന്നു തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി. ശക്തമായ പ്രചരണം നടത്തിയെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ ഒരു ലക്ഷത്തോളം വോട്ടിന് ശശി തരൂരിനോട് പരാജയപ്പെടുകയായിരുന്നു കുമ്മനം.
ഇത്തവണയും തിരുവനന്തപുരത്ത് സാധ്യത കുമ്മനം രാജശേഖരനാണ്. രാജീവ് ചന്ദ്രശേഖറിനെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിപ്പിച്ചാല്‍ അദ്ദേഹത്തിനും സാധ്യത കൂടുതലാണ്. സൂപ്പര്‍ താരമെന്ന ചര്‍ച്ചകള്‍ ഉയരുമ്പോള്‍ മോഹന്‍ലാലിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹമാണ് ശക്തമാവുന്നത്. കഴിഞ്ഞ തവണ മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള ശ്രമം ബി ജെ പി നടത്തിയിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. ഇത്തവണയും സ്വാഭാവികമായും അത്തരം ചര്‍ച്ചകള്‍ ഉയര്‍ന്ന് വരാമെങ്കിലും മോഹന്‍ലാല്‍ മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉറപ്പിക്കാന്‍ കഴിയാവുന്ന മറ്റൊരു പേര് സൂപ്പര്‍ താരം സുരേഷ് ഗോപിയുടേതാണ്. നേരത്തെ രാജ്യസഭാംഗമായിരുന്ന അദ്ദേഹത്തെ വീണ്ടും തൃശൂരില്‍ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. അടുത്ത മാസങ്ങളിലായി നടക്കാന്‍ പോവുന്ന മന്ത്രിസഭാ പുനഃസംഘടനയിലൂടെ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിക്കാനും സാധ്യതയുണ്ട്. അതേസമയം തമിഴ്‌നാട്ടില്‍ നിന്നും ഖുഷ്ബുവും ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചേക്കും.
പ്രത്യക്ഷമായ ബി ജെ പി നിലപാട് പ്രഖ്യാപിച്ച മറ്റൊരു താരം ഉണ്ണി മുകുന്ദനാണ്. അദ്ദേഹത്തേയും സ്ഥാനാര്‍ത്ഥിയാവാന്‍ ബി ജെ പി സമീപിക്കാന്‍ സാധ്യതയുണ്ട്. ബി ജെ പിക്കാരനാണെന്ന് പരസ്യമായി വ്യക്തമാക്കിയ അദ്ദേഹം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ അത്ഭുതപ്പെടാനില്ല.
കഴിഞ്ഞ ദിവസം ഇറങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറവും രാഷ്ട്രീയപരമായി ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ബിജെപി നേതാക്കളടക്കം ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നത് ഏറെ വാര്‍ത്തയായിരുന്നു.2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്.
ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമായിരുന്നു:
ആദ്യം അവർ നിങ്ങളെ അവഗണിക്കുന്നു…പിന്നെ അവർ നിങ്ങളെ നോക്കി ചിരിക്കുന്നു…പിന്നെ അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നു…അപ്പോൾ നിങ്ങൾ വിജയിക്കും’ എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. തന്റെ വിമർശകർക്കും തന്റെ സിനിമകളെ കൂട്ടംചേർന്ന് തകർക്കാൻ ശ്രമിക്കുന്നവർക്കുമുള്ള മറുപടിയായാണ് നടന്റെ വാചകങ്ങളെ ആരാധകർ വിലയിരുത്തുന്നത്.
സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും നൽകുന്ന പോസിറ്റീവ് റിവ്യൂവായിരുന്നു ശേഷിക്കുന്നവരെയും സിനിമ കാണാൻ പ്രേരിപ്പിച്ചത്. ചിത്രത്തിന്റെ ജിസിസി റിലീസ് തീയതിയും മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകർപ്രഖ്യാപിച്ചിട്ടുണ്ട്
യുഎഇ, ജിസിസി രാജ്യങ്ങളിൽ ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ തമിഴ്, തെലുങ്ക്, പതിപ്പുകളും ഉടൻ റിലീസ് ചെയ്യും. ജനുവരി ആറിനാണ് ഇതരഭാഷകളിൽ മാളികപ്പുറം റിലീസ് ചെയ്യുന്നത്.